പക്വത കൊണ്ടുള്ള വളര്‍ച്ച അമരത്വത്തിലേക്ക്: അമ്മ

Friday 28 April 2017 12:23 am IST

കൊച്ചി: പ്രായം കൊണ്ടുള്ളത് മരണത്തിലേക്കും പക്വത കൊണ്ടുള്ള വളര്‍ച്ച അമരത്വത്തിലേക്കും നയിക്കുമെന്ന് മാതാ അമൃതാനന്ദമയീ ദേവി. ഇടപ്പള്ളി ബ്രഹ്മസ്ഥാന ഉത്സവത്തിന്റെ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു. ആധ്യാത്മികമായ അറിവാണ് ഈ യാത്രക്ക് പാത തെളിയിക്കുന്നതെന്നും അമ്മ പറഞ്ഞു. മനുഷ്യ ഹൃദയങ്ങള്‍ ഒന്നിക്കുന്ന വിപ്ലവമാണ് നമുക്കു വേണ്ടത്. മറ്റുള്ളവരെ തന്നെപ്പോലെതന്നെ കണ്ട് സ്‌നേഹിക്കാനും സേവിക്കാനും പ്രാപ്തമാക്കുന്ന ആൃനതരിക വിപ്ലവമാണ് അമ്മ ആഗ്രഹിക്കുന്നത്. എങ്കിലേ ഭൂമി സ്വര്‍ഗ്ഗമാകൂ. മനുഷ്യന്‍ വരുത്തിവെക്കുന്നത്രയും നാശനഷ്ടങ്ങള്‍ പ്രകൃതി ദുരന്തങ്ങളിലൂടെ ഉണ്ടാകുന്നില്ല, അമ്മ പറഞ്ഞു. രണ്ടുദിവസത്തെ കൊച്ചി ബ്രഹ്മസ്ഥാന മഹോത്സവ പരിപാടിയുടെ സമാപന ദിവസമായ ഇന്നലെ വേദിയിലെത്തിയ അമൃതാനന്ദമയിയെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലും ചേര്‍ന്ന് സ്വീകരിച്ചു. ലോകത്തിന് തന്നെ മാതൃകയായി, മാനവസേവ മാധവസേവയായി കണക്കാക്കുന്ന അമ്മയ്ക്ക് ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്രഹ്മസ്ഥാന മഹോത്സവത്തിന്‌റെ സ്മരണിക 'അമൃതവര്‍ഷണി 2017' ന്റെ ആദ്യ പ്രതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നഗരസഭാ കൗണ്‍സിലര്‍ അംബികാ സുദര്‍ശന് നല്‍കി പ്രകാശനം ചെയ്തു. ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാജേഷ് പുരുഷോത്തമന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രദീപ് വാര്യര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് ഭക്തരാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ ചടങ്ങുകളില്‍ പങ്കെടുത്തത്. അമൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും, അധ്യാപകരും അടങ്ങിയ സംഘം സന്നദ്ധപ്രവര്‍ത്തനങ്ങളും നടത്തി. 29,30 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന ബ്രഹ്മസ്ഥാന ഉത്സവത്തിലും അമ്മ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.