മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ രാജിവെച്ചു

Friday 28 April 2017 12:34 am IST

മരട്: മരട് നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം ആന്റണി ആശാംപറമ്പില്‍ രാജിവെച്ചു. ഇന്നലെ ഉച്ചയോടെ നഗരസഭ സൂപ്രണ്ട് എല്‍. രാജേശ്വരിക്കാണ് രാജി നല്‍കിയത്. കോണ്‍ഗ്രസ് എ-ഐ ചേരിപ്പോരുകള്‍ക്കു പിന്നാലെ ആശാംപറമ്പില്‍ ഗുണ്ടാക്കേസില്‍ അറസ്റ്റിലായതിനു ശേഷം മരടില്‍ എ വിഭാഗവും രണ്ടായി പിളര്‍ന്നിരുന്നു. മന്ത്രി എം. എം. മണിക്കെതിരെ മരടില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ റാലിയില്‍ എ വിഭാഗം ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. എ വിഭാഗക്കാരായ മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലിന്റേയും, കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറിയും, നഗരസഭ കൗണ്‍സിലറുമായ ആര്‍. കെ. സുരേഷ്ബാബുവിന്റെയും നേതൃത്വത്തിലാണ് എ വിഭാഗം പ്രവര്‍ത്തകര്‍ രണ്ടായി തിരിഞ്ഞിരുന്നത്. നെട്ടൂര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടക്കേണ്ട പരിപാടിക്കു തലേന്ന് ആശാംപറമ്പിലിന്റെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് പരിപാടി നടത്തിയ സംഭവവുമുണ്ടായി. മന്ത്രി മണിക്കെതിരെ നടത്തിയ പ്രതിഷേധ റാലിയില്‍ ആന്റണി ആശാംപറമ്പിലിനെതിരെ ഗുണ്ടാക്കേസില്‍ പോലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുക്കൂറും പങ്കെടുത്തത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും എത്തി. മണ്ഡലം പ്രസിഡന്റ് ആര്‍. കെ. സുരേഷ്ബാബുവിന്റെ അറിവോടെയാണ് ഷുക്കൂര്‍ പങ്കെടുത്തത് എന്നാരോപിച്ച് ആശാംപറമ്പിലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വനിതാ കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും പ്രതിഷേധറാലിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ഗുണ്ടാക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആശാംപറമ്പിലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കെപിസിസി ആവശ്യപ്പെട്ടിട്ടും നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാതെ തുടര്‍ന്നിരുന്ന ആന്റണി ആശാംപറമ്പിലിനെ രാജി വെപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ ഐ വിഭാഗവും ആശാംപറമ്പിലിനെ എതിര്‍ക്കുന്ന ഒരു വിഭാഗം എ പ്രവര്‍ത്തകരും ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു രാജി. തന്നെ കളളക്കേസില്‍ കുടുക്കിയ ഷുക്കൂറിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്നും, പ്രതിഷേധമറിയിച്ചിട്ടും കോണ്‍ഗ്രസ് പരിപാടികളില്‍ മുന്‍നിരയില്‍ തന്നെ തുടര്‍ച്ചയായി ഷുക്കൂറിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുന്നതെന്നും ആന്റണി ആശാംപറമ്പില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.