ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തിയേറ്ററുകളിലെത്തി

Friday 28 April 2017 9:44 am IST

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2 ദ കണ്‍ക്ലൂഷന്‍ തീയേറ്ററുകളിലെത്തി. പ്രേക്ഷകരുടെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയിലൊട്ടാകെ 6,500 റിലീസിംഗ് കേന്ദ്രങ്ങളിലാണ് ചിത്രം എത്തിയത്. പുലര്‍ച്ചെ മുതലാണ് ഭൂരിഭാഗം തിയേറ്ററുകളിലും ആദ്യ ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. അതേസമയം, ചെന്നൈയില്‍ പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന പ്രത്യേക ഷോകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അനുമതിയില്ലെന്ന് ആരോപിച്ചാണ് പ്രദര്‍ശനം തടസപ്പെട്ടത്. രാവിലെ തിയേറ്ററുകളിലെത്തിയപ്പോഴാണ് പ്രദര്‍ശനം നടക്കില്ലെന്ന വിവരം തിയേറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ അറിയിച്ചത്. ഇതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഉടമകള്‍ അറിയിച്ചു. അതേസമയം, 11 മണിക്ക് ഷോ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്തോളം തീയേറ്ററുകളിലാണ് ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധയിടങ്ങളില്‍ അടുത്ത നാലു ദിവസത്തേക്ക് ഓണ്‍ലൈനില്‍ ടിക്കറ്റുകളും ലഭ്യമല്ല. ബാഹുബലി ഒന്നാം ഭാഗത്തേക്കാള്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ രണ്ടാം ഭാഗത്തിന്റെ കളക്ഷന്‍ ഉയരും എന്നതില്‍ സംശയമില്ല. തിയേറ്റര്‍ കളക്ഷന്‍ സ്വന്തമാക്കുന്നതിന് മുമ്‌ബേ വിതരണാവകാശത്തിലൂടെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. അതേസമയം, ബാഹുബലിയുടെ റിലീസോടെ പ്രധാന മലയാള സിനിമകളും താത്കാലികമായി ഒഴിവാക്കാനാണ് ചില തിയേറ്ററുകളുടെ തീരുമാനം. ബാഹുബലി ഒന്നാംഭാഗത്തിലെ വിസ്മയക്കാഴ്ചകള്‍ രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു' എന്ന ചോദ്യവുമായാണ് ചിത്രത്തിന്റെ ഒന്നാംഭാഗം അവസാനിച്ചത്. ഈ ചോദ്യത്തിന് ഉത്തരമാണ് രണ്ടാംഭാഗം നല്‍കുക. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസ്, റാണ ദഗ്ഗുബട്ടി, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.