ലക്ഷ്യം കവിഞ്ഞു; റബ്ബര്‍ ഉത്പാദനത്തില്‍ 22 % വര്‍ദ്ധന

Friday 28 April 2017 7:22 pm IST

കോഴിക്കോട്: രാജ്യത്തെ കഴിഞ്ഞ വര്‍ഷത്തെ റബ്ബറുത്പാദനം ലക്ഷ്യം കവിഞ്ഞു. 6.54 ലക്ഷം ടണ്‍ ലക്ഷ്യമിട്ടിരുന്നത് 6,90,000 ടണ്ണിലെത്തിയതായി റബ്ബര്‍ബോര്‍ഡ് വ്യക്തമാക്കി. 2015-16 വര്‍ഷത്തെ അപേക്ഷിച്ച് 22.78 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. റബ്ബര്‍ വിലയിലെ വര്‍ദ്ധനയും റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളും ഉത്പാദനവര്‍ദ്ധനയ്ക്ക് കാരണമായതായി അധികൃതര്‍ പറഞ്ഞു. ബോര്‍ഡിന്റെ ഇടപെടലുണ്ടായതോടെ വെറുതെ കിടന്ന തോട്ടങ്ങളില്‍ ടാപ്പിങ് ആരംഭിച്ചു. പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പദ്ധതിപ്രകാരം റബ്ബര്‍ വെട്ടുകാരനും സംസ്‌കരണമേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക പരിശീലനപരിപാടികള്‍ ബോര്‍ഡ് സംഘടിപ്പിച്ചിരുന്നു. 2017 മാര്‍ച്ച് മാസത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 66.7 ശതമാനം കൂടുതല്‍ ഉത്പാദനം നടന്നതായും റബ്ബര്‍ ബോര്‍ഡ് അറിയിച്ചു. 2017 മാര്‍ച്ചു മാസത്തെ ഉത്പാദനം 55,000 ടണ്‍ ആയിരുന്നു. 2016 മാര്‍ച്ചില്‍ ഉത്പാദനം 33,000 ടണ്‍ മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം റബ്ബര്‍ കയറ്റുമതിയിലും വര്‍ദ്ധനയുണ്ടായി. 20,010 ടണ്‍ റബ്ബറാണ് കയറ്റുമതി ചെയ്തത്. 2015-16ല്‍ 865 ടണ്‍ റബ്ബര്‍ മാത്രമായിരുന്നു കയറ്റുമതി. പരിശീലന പരിപാടിയില്‍ 10,000ത്തോളം പേരെ പങ്കെടുപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കേരളത്തിലും ത്രിപുരയിലും അസ്സമിലുമായി 22,000 പേര്‍ക്ക് പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വാര്‍ഷിക തീവ്രപ്രചാരണപരിപാടി മെയ് 26ന് സമാപിക്കും. തോട്ടങ്ങളുടെ സമഗ്രമായ മികവിനുള്ള മാര്‍ഗങ്ങളാണ് ഈ വര്‍ഷത്തെ ചര്‍ച്ച. വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച 200 യോഗങ്ങളില്‍ 5000ത്തോളം പേര്‍ പങ്കെടുത്തു. കുറഞ്ഞത് 60,000 പേരെ നേരിട്ട് കാണുന്നതിനാണ് റബ്ബര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നത്. മണ്ണു,ജല സംരക്ഷണം, ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശ, ഇടവിളക്കൃഷി, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം നടപ്പിലാക്കിവരുന്ന നൈപുണ്യ വികസനപരിപാടികള്‍, ആഴ്ചയിലൊരു ടാപ്പിങ്, റെയിന്‍ഗാര്‍ഡിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങിയ വിഷയങ്ങളും പ്രാദേശികമായി പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.