മഹാപൂരത്തിന് ഇന്ന് കൊടിയേറ്റം

Friday 28 April 2017 9:06 pm IST

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 12 നുമിടയിലും പാറമേക്കാവില്‍ 12;15 നുമാണ് കൊടിയേറ്റ്. തിരുവമ്പാടി ക്ഷേത്രത്തില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പാരമ്പര്യ അവകാശികളായ താഴത്തു പുരക്കല്‍ ആ്ചാരി ഗൃഹത്തില്‍ സുന്ദരന് പുലയായതിനാല്‍ കണിമംഗലം മേല്‍വീട്ടില്‍ സതീശനാണ് ഇത്തവണ കൊടിമരം തയ്യാറാക്കുന്നത്. ഭൂമി പൂജക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടിയാണ് കൊടിയേറ്റ ചടങ്ങ്. ഉച്ചകഴിഞ്ഞ് മൂന്നിന് പൂരം പുറപ്പാടിന് തിരുവമ്പാടി ശിവസുന്ദരന്‍ തിടമ്പേറ്റും. ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും. ആചാരവെടിക്ക് സേഷം ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശം. നടുവില്‍ മഠത്തിലെത്തി ആറാട്ടിനു ശേഷം പറയെടുപ്പ് ആരംഭിക്കും. പാറമേക്കാവിലെ കൊടിയേറ്റത്തിന് ശേഷം അഞ്ചാനകളുടെ അകമ്പടിയോടെ മണികണ്ഠനാലിലും പതാക ഉയര്‍ത്തും. നെയ്തലക്കാവ്, പനമുക്കുംപിള്ളി, ചൂരക്കോട്ടുകാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചെമ്പൂക്കാവ് തുടങ്ങിയ എട്ട് ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റം കാലത്ത് മുതല്‍ തുടങ്ങും. പൂരാഘോഷങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 12.15 ന് കൊടിയേറ്റം, വെടിക്കെട്ട്. മെയ് 3 വൈകീട്ട് 3 മുതല്‍ പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയപ്രദര്‍ശനം അഗ്രശാലയില്‍ നടക്കും. വൈകീട്ട് 7 മുതല്‍ 9 വരെ സാമ്പിള്‍ വെടിക്കെട്ട്. മെയ് 4 രാവിലെ 10 മുതല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയപ്രദര്‍ശനം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്ന് പുറത്തേക്കു വരുന്നതോടെ പൂരത്തിന് ആരംഭം കുറിയ്ക്കും. മെയ് 5 രാവില 6 മുതല്‍ ഘടകപൂരങ്ങള്‍ വരും. രാവിലെ 11.30 ന് മഠത്തില്‍ വരവ്, ഉച്ച തിരിഞ്ഞ് 2.30 ന് ഇലഞ്ഞിത്തറമേളം, വൈകീട്ട് 4.30 ന് തെക്കോട്ടിറക്കം. വൈകീട്ട് 5.30 മുതല്‍ 7.30 വരെ കുടമാറ്റം. രാത്രി 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെ പഞ്ചവാദ്യം. പുലര്‍ച്ച് 3 ന് വെടിക്കെട്ട്. രാവിലെ 8 മുതല്‍ 11 വരെ പകല്‍ പൂരം. ഉച്ചയ്ക്ക് 12 ന് ഉപചാരം ചൊല്ലിപ്പിരിയല്‍ 12.30 ന് വെടിക്കെട്ട്. ഘടകപൂരങ്ങളുടെ സമയക്രമീകരീകരണങ്ങള്‍: കണിമംഗലം ഘടക പകല്‍ പൂരം മെയ് 5 രാവിലെ 7.30 ന് തുടങ്ങി 8.30 ന് തീരും. രാത്രി പൂരം അന്ന് രാത്രി 8 ന് തുടങ്ങി. 9 ന് സമാപിയ്ക്കും. ചെമ്പൂക്കാവ് പകല്‍ പൂരം 7.45 തുടങ്ങി. 8.45 ന് തീരും. രാത്രി പൂരം 8.15 ന് തുടങ്ങി 9.15 ന് അവസാനിയ്ക്കും. പനമുക്കുപിളളി ഘടക പൂരം രാവിലെ 8 ന് തുടങ്ങി 9 ന് തീരും. രാത്രി പൂരം 8.30 തുടങ്ങി 9.30 ന് തീരും. കാരമുക്ക് ഘടക പൂരം രാവിലെ 8.30 മുതല്‍ 9.30 വരെയും രാത്രി പൂരം 9 ന് തുടങ്ങി 10 വരെയുമാണ്. ലാലൂര്‍ പൂരം രാവിലെ 9 ന് തുടങ്ങും 10 ന് തീരും. രാത്രി പൂരം 10 ന് തുടങ്ങി 11 ന് അവസാനിയക്കും. ചൂരക്കാട്ട്കാവ് പൂരം രാവിലെ 9.30 മുതല്‍ 11 വരെ നടക്കും. രാത്രി പൂരം 10.30 ന് തുടങ്ങി അര്‍ദ്ധരാത്രി 12 ന് തീരും. അയ്യന്തോള്‍ ഘടക പൂരം 10 ന് തുടങ്ങി ഉച്ചയ്ക്ക് 12 ന് തീരും. രാത്രി പൂരം രാത്രി പതിനൊന്നിന് തുടങ്ങി മെയ് 6 പുലര്‍ച്ച 12.30 ന് തീരും. നെയ്തലക്കാവ് ഘടകപൂരം മെയ് 5 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ നടക്കും. രാത്രി പൂരം അര്‍ദ്ധ രാത്രി തുടങ്ങി മെയ് 6 പുലര്‍ച്ച 1 ന് തീരും. പാറമേക്കാവ് ഘടകപൂരം മെയ് 5 ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 6.30 വരെയാണ്. രാത്രി പൂരം രാത്രി 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെ നീളും. അന്ന് രാവിലെ 7.30 മുതല്‍ 11.30 വരെ പൂരം നടക്കും. തിരുവമ്പാടി ഘടക പൂരം മെയ് 5 പകല്‍ 7 മുതല്‍ 11 വരെയും 11.30 മുതല്‍ വൈകീട്ട് 7.30 വരെയും 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെയും നടക്കും. അന്ന് രാവിലെ 8 ന് തുടങ്ങുന്ന പകല്‍ പൂരം ഉച്ചയ്ക്ക് 12 ന് തീരും. പൂരങ്ങള്‍ സമയക്രമം അനുസരിച്ച് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ആര്‍.ഡി.ഒ കെ.അജീഷ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.