എസ്റ്റേറ്റ് ലായങ്ങളില്‍ കൗമാര വിലാപം

Friday 28 April 2017 9:20 pm IST

കുമളി: പീരുമേട് താലൂക്കിലെ തേയിലത്തോട്ടം മേഖലയില്‍ പെണ്‍കുട്ടികളുടെമേല്‍ ശാരീരികതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ കണക്കുകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൈല്‍ഡ് ലൈനും, പോലീസ് വകുപ്പും ഇത്തരം ബാലപീഡനങ്ങള്‍  തോട്ടം മേഖലയില്‍ പെരുകുന്നതായി  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തുറന്നു സമ്മതിക്കുന്നു. വണ്ടിപ്പെരിയാര്‍  സ്റ്റേഷനില്‍ മാത്രം ഒന്നര മാസത്തിനിടെ മൂന്നോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമളിയില്‍ വൃദ്ധന്മാര്‍ പ്രതികളായ ഒരു കേസും റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ രാവിലെ ജോലിക്ക് പോയാല്‍  പെണ്‍കുട്ടികള്‍ എസ്റ്റേറ്റ് ലായങ്ങളില്‍ ഒറ്റക്കാകുന്ന സ്ഥിതിയാണ് തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നത്. സാഹചര്യങ്ങള്‍ അവസരമാക്കി കുട്ടികളുടെ അടുത്ത ബന്ധുക്കളോ, പരിചയക്കാരോ ഇവരെ സ്വാധീനിച്ച് ലൈംഗീക ചൂഷണത്തിന് വിധേയരാകുന്നു. സഹോദരന്‍ പോലും പ്രതിയായ ഒരു കേസ് സമീപകാലത്ത് പീരുമേട് താലൂക്കിലെ ഒരു സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ അശ്‌ളീല ചിത്രങ്ങള്‍ കാണിച്ചും ഇഷ്ട്ട ഭക്ഷണങ്ങള്‍ വാങ്ങി നല്‍കിയും പണം നല്‍കിയും കൊച്ചു കുട്ടികളെ പ്രതികള്‍ വശത്താക്കുന്നു. ഒരിക്കല്‍ പീഡനത്തിന് ഇരയായാല്‍ തുടര്‍ന്ന് വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി നിരന്തര ചൂഷണങ്ങള്‍ക്ക് കുട്ടികള്‍ ഇരയാവുന്നു. പിതാവിന്റെയും, സഹോദരന്റെയും സുഹൃത്തുക്കള്‍ പരിചയം മുതലെടുത്തു കുട്ടികളെ ഉപദ്രവിച്ച കേസുകളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു. ഇരയാകുന്ന കുട്ടികളുടെ മനോനിലയെ ഗുരുതരമായി ബാധിയ്ക്കുന്നതായി കൗണ്‍സിലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.