പൊമ്പിളൈ ഒരുമൈ നിരാഹാരം ആറാം ദിവസത്തിലേക്ക്

Sunday 21 May 2017 6:57 pm IST

മൂന്നാറില്‍ നിരാഹാരം ഇരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാക്കളെ ആശുപത്രിയിലേയ്ക്ക് നീക്കാനുള്ള പോലീസിന്റെ നീക്കം. അറസ്റ്റിന് ഇവര്‍ വിസമ്മതിച്ചതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു.

മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേയ്ക്ക് കടന്നു. നേതാക്കളായ ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരാണ് സമരത്തിലുള്ളത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരുന്ന എഎപി നേതാവ് സി.ആര്‍ നീലകണ്ഠന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിലാക്കി. നീലകണ്ഠന് പകരം റാണി ജോര്‍ജ് എന്ന എഎപി പ്രവര്‍ത്തക നിരാഹാരമിരിക്കാനെത്തിയത് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എഎപി നിരാഹാരസമരം നടത്തേണ്ടന്നും സമരത്തിന് പിന്തുണ നല്‍കിയാല്‍ മതിയെന്നും പൊമ്പിളൈ ഒരുമൈ വ്യക്തമാക്കി.

ഇതിനിടെയുണ്ടായ ബഹളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറി സമരപ്പന്തല്‍ പൊളിക്കാന്‍ നീക്കം നടത്തി. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇവരെ നീക്കം ചെയ്തു. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്തതായി മൂന്നാര്‍ പോലീസ് അറിയിച്ചു. എഎപി വനിത നേതാക്കളെ മര്‍ദ്ദിച്ചെന്നാരോപിച്ച് രണ്ട് വനിത നേതാക്കള്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇന്നലെ രാവിലെ ഡോക്ടര്‍മാരുടെ സംഘം സമരക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു.

ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സമരക്കാര്‍ അംഗീകരിച്ചില്ല. ഏത് നിമിഷവും ബലപ്രയോഗത്തിലൂടെ സമരക്കാരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.