ഭക്ഷ്യ സുരക്ഷാ പരിശോധന; ജില്ലയില്‍ 47 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Friday 28 April 2017 9:52 pm IST

കണ്ണൂര്‍: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ബേക്കറികള്‍, ജ്യൂസ് സ്റ്റാളുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, വഴിയോര ഭക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 47 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. കുടിവെളളത്തിന്റെ 18 സാമ്പിളുകള്‍ പരിശോധനക്കായി ലബോറട്ടറിയില്‍ എത്തിച്ചു. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,23,000 രൂപ പിഴ ചുമത്തി. വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗത്തിനായി സൂക്ഷിച്ച യൂസ് ബൈ ഡേറ്റ് കഴിഞ്ഞ 50 പാക്കറ്റ് പാലും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ടി അജിത് കുമാര്‍, എം ടി അനൂപ് കുമാര്‍, പി ഷോണിമ, ധനുശ്രീ പൈതലായന്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഗുണനിലവാരമില്ലാത്ത കുടിവെളളം ഉപയോഗിക്കുന്നതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനുമെതിരെ പരിശോധനകളും കര്‍ശന നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെയും കൃത്യസമയത്ത് പുതുക്കാതെയും ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യാനുളള നടപടികളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി മെയ് 15 വരെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസന്‍സിന് ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വെളളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നീ രേഖകളുമായി അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കാം. ഏതെങ്കിലും രേഖ ഇല്ലെങ്കില്‍ പിന്നീട് സമര്‍പ്പിക്കാനുളള സൗകര്യമുണ്ട്. ഇതുവരെ അപേക്ഷിച്ചവര്‍ക്ക് മെയ് 2 മുതല്‍ ലൈസന്‍സ് വാങ്ങാവുന്നതാണ്. ഫോണ്‍: 8943346193.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.