മിഠായിത്തെരുവ് മുഖച്ഛായ മാറാനൊരുങ്ങുന്നു

Friday 28 April 2017 9:58 pm IST

കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി മെയ് 2 ന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള ഡ്രെയിനേജ് നിര്‍മാണവും, ബിഎസ്എന്‍എല്‍, വൈദ്യുതി, ഫയര്‍, കേബിള്‍ വയറുകളുമെല്ലാം ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ 50 മീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. എട്ട് ഘട്ടങ്ങളായി പ്രവൃത്തി പൂര്‍ത്തീകരിക്കും. ഇരുപത് ദിവസത്തെ കാലയളവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്. പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളീഷ്ഡ് ഗ്രാനൈറ്റ് ഇടും. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പൂര്‍ത്തീകരിക്കും. രാവും പകലും ജോലി ചെയ്ത് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 3.64 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. ഇലക്ട്രിക്കല്‍ വയറുകളെല്ലാം മാറ്റുമെങ്കിലും താല്‍ക്കാലികമായി പവര്‍ സപ്ലൈയ്ക്കുള്ള സംവിധാനം ഒരുക്കും. ജലവിതരണത്തിനും താല്‍ക്കാലിക സംവിധാനം ഒരുക്കും. കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എഡിഎം ടി. ജെനില്‍കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍, ആര്‍ക്കിടെക്റ്റ് കെ. പ്രസന്നന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരി, വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.