തളിപ്പറമ്പ്: സിനിമാ തിയേറ്ററില്‍ നിന്നും വീണുകിട്ടിയ പേഴ്സ് യഥാസമയത്ത് തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. തളിപ്പറമ്പ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സലീമിനെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് തളിപ്പറമ്പ് ക്ലാസിക്ക് തിയേറ്ററില്‍ കാണാനെത്തിയ കുപ്പത്തെ പ്രവാസിയുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. തിയറ്ററിലെ കസേരക്കടിയില്‍ വീണ പേഴ്സ് സിനിമ കാണാനെത്തിയ സലീമിന് ലഭിച്ചിരുന്നു. പേഴ്സില്‍ 17,000 രൂപയും ഡോളര്‍ നോട്ടുകളും ഉണ്ടായിരുന്നു.
പേഴ്സ് നഷ്ടപ്പെട്ട വിവരം അന്ന് തന്നെ ഉടമ പോലീസില്‍ അറിയിച്ചിരുന്നു. പേഴ്സ് ഉടമയും സുഹൃത്തുക്കളും തിയേറ്ററിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സലീം പേഴ്സ് എടുക്കുന്നത് കണ്ടു. ഇതാണ് പരാതിക്കിടയാക്കിയത്. പിന്നീട് പേഴ്സ് ഉടമയ്ക്ക് തിരികെ നല്കി. ഇയാള്‍ പരാതിയില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സലീമിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: