സാഹിത്യപ്രവര്‍ത്തനം മനുഷ്യസമൂഹത്തിനുവേണ്ടി: മഹാകവി അക്കിത്തം

Sunday 21 May 2017 6:53 pm IST

തപസ്യ സാഹിത്യശില്പശാല മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്യുന്നു. സി.സി. സുരേഷ്, ആഷാമേനോന്‍, എസ്.രമേശന്‍നായര്‍, ലക്ഷ്മി നാരായണന്‍ എന്നിവര്‍ സമീപം.

തൃശൂര്‍: കലാസാഹിത്യ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ മനുഷ്യജീവിതത്തിന്റെ എല്ലാപ്രശ്‌നങ്ങളും കടന്നുവരണമെന്ന് മഹാകവി അക്കിത്തം. തപസ്യ സംസ്ഥാന സാഹിത്യ ശില്‍പശാല തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മഹാകവി.

പുരോഗമനസാഹിത്യമെന്ന പേരില്‍ കടന്നുവന്ന പ്രസ്ഥാനങ്ങളൊക്കെ അല്പായുസ്സായി അവസാനിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ക്ക് കയ്യടിക്കുന്ന സ്ഥാപനങ്ങളാകരുത് സാഹിത്യ പ്രസ്ഥാനങ്ങള്‍. ഇന്ന് മനുഷ്യന്‍ കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെടുന്നു. സാഹിത്യകാരന്‍ ഇതിനെക്കുറിച്ചും ചിന്തിക്കണം. അക്കിത്തം ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ എല്ലാവിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തപസ്യ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും അക്കിത്തം പറഞ്ഞു.
കവി എസ്. രമേശന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. സൃഷ്ടിയുടെ രഹസ്യം തപസ്സാണെന്ന് രമേശന്‍നായര്‍ അഭിപ്രായപ്പെട്ടു. ഇന്ന് സാഹിത്യകാരന്മാരും ആസ്വാദകരുമില്ല. ഉള്ളത് എഴുത്തുകാരും വായനക്കാരും മാത്രമാണ്. നല്ല സാഹിത്യകാരനാകാന്‍ സാഹിത്യ വായനയും പഠനവും അനിവാര്യമാണെന്നും രമേശന്‍ നായര്‍ ചൂണ്ടിക്കാട്ടി.

വര്‍ത്തമാന സമൂഹത്തില്‍ സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമമാണ് എഴുത്തുകാരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്ന് പ്രശസ്ത ചിന്തകനായ ടി.ആര്‍. സോമശേഖരന്‍ അഭിപ്രായപ്പെട്ടു. ഭൂതകാലത്തോടല്ല വര്‍ത്തമാനകാലത്തോടാണ് എഴുത്തുകാരന് പ്രതിബദ്ധത വേണ്ടത്. സാഹിത്യ സംഘടനകളല്ല ആവശ്യം. നല്ല സാഹിത്യ സൃഷ്ടികളാണ്. സമൂഹത്തില്‍ ഗുണപരമായ പരിവര്‍ത്തനുണ്ടാക്കാന്‍ ഇത്തരം സാഹിത്യ സൃഷ്ടികള്‍ക്കു മാത്രമെ കഴിയൂ.

വിശ്വാസങ്ങള്‍ക്ക് അന്ധമായി വഴിപ്പെടാതെ ജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കലാണ് യഥാര്‍ത്ഥ മനുഷ്യലക്ഷണമെന്നും സോമശേഖരന്‍ ചൂണ്ടിക്കാട്ടി. ആഷാമേനോനാണ് ക്യാമ്പ് ഡയറക്ടര്‍. മാടമ്പ് കുഞ്ഞുകുട്ടന്‍, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, കല്ലറ അജയന്‍, എം.കെ.ഹരികുമാര്‍, കെ.ആര്‍.ഇന്ദിര, സി.സി.സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ശില്പശാല ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.