കെഎസ്ടി എംപ്ലോയീസ് സംഘ് സമ്മേളനത്തിന് തുടക്കമായി

Sunday 21 May 2017 6:51 pm IST

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തക സമിതിയോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ജി.കെ. അജിത്ത്, കെ.എല്‍. രാജേഷ്, ജി.എം. അരുണ്‍കുമാര്‍ എന്നിവര്‍ സമീപം

ആലപ്പുഴ: കെഎസ്ടി എംപ്ലോയീസ് സംഘ് ബിഎംഎസ് പത്തൊന്‍പതാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രവര്‍ത്തക സമിതിയോഗം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു.

മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍മൂലം തകര്‍ച്ചയെ നേരിടുന്ന കെഎസ്ആര്‍ടിസിയെ ഇടതുസര്‍ക്കാര്‍ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ സേവന മേഖലയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വകുപ്പായി പ്രഖ്യാപിക്കണം. മാനേജ്‌മെന്റ് വൈദഗ്ദ്ധ്യമില്ലാത്ത സുശില്‍ഖന്നയുടെ റിപ്പോര്‍ട്ട് തൊഴിലാളികളെയും ജീവനക്കാരെയും ദുരിതത്തിലാഴ്ത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖന്ന റിപ്പോര്‍ട്ടിന്റെ ഭാഗമായി നടപ്പില്‍വരുത്താന്‍ ശ്രമിക്കുന്ന സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി ജി.എം. അരുണ്‍കുമാര്‍ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ നന്ദിയും പറഞ്ഞു. ഇന്നു രാവിലെ പത്തിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.