ഈരയില്‍ക്കടവില്‍ പാലമായിട്ട് ഒരു വര്‍ഷം;അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങിയില്ല

Friday 28 April 2017 10:31 pm IST

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഈരയില്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ത്തിയായില്ല. കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പാലത്തോട് ചേര്‍ന്ന് റോഡിന്റെ ഭാഗങ്ങളില്‍ മണ്ണ് ഇടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇട്ട മണ്ണാകട്ടെ കുത്തിയൊലിച്ച് പോയി. ഇത് മൂലം പാലം കൊണ്ടുള്ള ഉദ്ദേശിച്ച ഫലം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. ഗതാഗതക്കുരുക്ക് അഴിക്കാന്‍ കൊടൂരാറിന് കുറുകേയാണ് പാലം പണിതത്. കോട്ടയം കോറിഡോറിന്റെ ഭാഗമായിട്ടാണ് ഇത് നിര്‍മ്മിച്ചത്. കെ.കെ.റോഡില്‍ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് പാലത്തിലൂടെ എംസിറോഡില്‍ എത്താന്‍ കഴിയും. ചങ്ങനാശേരിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എംസിറോഡില്‍ മണിപ്പുഴയില്‍ നിന്ന് തിരിഞ്ഞ് മുന്നോട്ട് പോയാല്‍ കോട്ടയം വികസന കോറിഡോറില്‍ എത്താം. ഈ റോഡിലൂടെ ഈരയില്‍ക്കടവിലെത്താം. അവിടെനിന്ന് മുട്ടമ്പലം വഴി കഞ്ഞിക്കുഴിയിലൂടെ കെകെ റോഡില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഗതാഗതം ക്രമീകരിച്ചത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ കെകെ റോഡില്‍ എത്താന്‍ ഈ പാലം വന്നതോടെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്രോച്ച് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ പാലം വന്നതിന്റെ ഫലം യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. നഗരം ഇപ്പോള്‍ എല്ലാ ദിവസവും മണിക്കൂറുകളോളം ഗതാഗത കുരുക്കിലാണ്. എന്നിട്ടും ഇതിന് പരിഹാരമായി രൂപംനല്‍കപ്പെട്ട റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തില്‍നിന്നും ഒരുവിധ നടപടികളും ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.