വരുന്നു... മെട്രോ ഓട്ടോ പദ്ധതിയില്‍ 15,000 ഓട്ടോറിക്ഷകള്‍

Friday 28 April 2017 10:53 pm IST

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ യാത്ര എളുപ്പമാക്കാന്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. നഗരത്തിലെ 15,000 ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്തി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കമ്പനിയുണ്ടാക്കുന്നതിനുള്ള നടപടി തുടങ്ങി. ഓട്ടോറിക്ഷ യൂണിയന്‍ നേതാക്കളുമായി മെട്രോ റെയില്‍ അധികൃതര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഹയര്‍ ഓട്ടോ, സ്മാര്‍ട്ട് ഓട്ടോ, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ ഓട്ടോറിക്ഷകളെ മൂന്ന് വിഭാഗമായി തിരിക്കും. സാധാരണ സര്‍വീസാണ് ഈ ഓട്ടോയില്‍ ലഭിക്കുക. സ്മാര്‍ട്ട് ഓട്ടോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്‌തേ ഉപയോഗപ്പെടുത്താനാവൂ. ഫീഡര്‍ റൂട്ടുകളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായാണ് ഫീഡര്‍ ഓട്ടോറിക്ഷകള്‍. മെട്രോ റെയില്‍, ഫീഡര്‍ ബസുകള്‍, വാട്ടര്‍ മെട്രോ എന്നവയുമായി ബന്ധിപ്പിച്ചുള്ളതാണ് പുതിയ ഓട്ടോറിക്ഷ കമ്പനി. മെട്രോയുമായി സഹകരിച്ചുള്ള ഓട്ടോറിക്ഷകളുടെ കമ്പനിയുടെ നടത്തിപ്പ് ചുമതല ജില്ലാ ഓട്ടോറിക്ഷാ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ്. സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനായി കമ്പനി ,നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കും. കമ്പനി രൂപവത്കരിച്ചശേഷം ജിപിഎസ് സംവിധാനം, മൊബൈല്‍ യാത്ര പ്ലാന്‍, സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റിങ്, തുടങ്ങിയവയും നടപ്പാക്കും. മെയ് അവസാനത്തോടെ കമ്പനി രൂപവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ഡിസൈനും നിറവും നല്‍കും. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക യൂണിഫോമും ഉണ്ടാകും. കമ്പനിക്ക് പുതിയ പേരും ലോഗോയും തയ്യാറാക്കും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നിന്ന് മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തിര്‌ഞ്ഞെടുക്കുക. ഒട്ടേറെ ഇടവഴികളും ചെറു റോഡുകളുമുള്ള നഗരമാണ് കൊച്ചി. അതിനാല്‍, ഫീഡര്‍ ബസ് സര്‍വീസുകള്‍ക്ക് പുറമെ ഫീഡര്‍ ഓട്ടോറിക്ഷാ സംവിധാനവും ആവശ്യമാണ്. പുതിയ ആശയത്തിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന് കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.