സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയുടെ ദിഗ്‌വിജയം ഇന്ന് തുടങ്ങും

Friday 28 April 2017 11:02 pm IST

  മട്ടാഞ്ചേരി: കാശി മഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമിയുടെ വസന്തോത്സവ ദിഗ് വിജയ മഹോത്സവം ഇന്ന് തുടങ്ങും. കൊച്ചി ഗോശ്രീപുരം തിരുമല ക്ഷേത്രത്തിലാണ് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ വസന്തോത്സവ വ്രതമഹോത്സവം നടത്തുന്നത്. ഹേ വിളംബിനാമ സംവത്സരത്തിലെ വസന്തോത്സവഅനുബന്ധമായാണ് ദിഗ്‌വിജയം. കാശി മഠാധിപതിയായി അവരോധിതനായ ശേഷം സ്വാമി സംയമീന്ദ്രതീര്‍ത്ഥയുടെ കൊച്ചിയിലെ പ്രഥമ ദിഗ്‌വിജയമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് ജനങ്ങളാണ് ദിഗ്‌വിജയാനുഗ്രഹത്തിനായി എത്തിയിരിക്കുന്നത്. 1994ല്‍ പരമഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ ദിഗ്‌വിജയ മഹോത്സവമാണ് മുമ്പ് കൊച്ചിയില്‍ നടന്നത്. ജപ,തപ ആരാധനയുമായി മൂര്‍ത്തി പൂജയിലുടെയുള്ള ആത്മീയ ധാര്‍മ്മിക തേജസ്സിനെ ഭക്തജനങ്ങളിലേയ്ക്കും ദേശത്തിനുമായി അനുഗ്രഹത്തിലൂടെ പകര്‍ന്നു നല്കുന്നുവെന്ന സങ്കല്പമാണ് ദിഗ്‌വിജയത്തിന്റെതെന്നാണ് പഴമക്കാര്‍ പറയുന്നു. ക്ഷേത്രരഥ വീഥികളിലൂടെ അലങ്കരിച്ച തേരിലേറിയാണ് ഗുരു സംയമീന്ദ്ര തീര്‍ത്ഥ ദിഗ്‌വിജയയാത്ര നടത്തുന്നത്. മൂന്ന് ദിനങ്ങളിലായി ചെറളായി ദേശത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്വാമികള്‍ എഴുന്നള്ളും. ഭക്ത ജനങ്ങള്‍ വീഥികള്‍ അലങ്കരിച്ചും പുഷ്പ ഫല സമര്‍പ്പണം നടത്തിയും ആരതിയുഴിഞ്ഞും ഗുരുവിനെ വരവേല്ക്കും. ഫല, മന്ത്ര അക്ഷതങ്ങള്‍ നല്കി ഗുരു ഭക്തജനങ്ങളെ അനുഗ്രഹിക്കും. ഇന്ന് വൈകിട്ട് 6ന് ദിഗ്‌വിജയ മഹോത്സവയാത്ര തുടങ്ങും. ആദ്യദിനത്തില്‍ ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറ് ദിക്കുകളിലും രണ്ടാം ദിനംപടിഞ്ഞാറ് വടക്ക് ദിക്കുകളിലും മൂന്നാം ദിനം വടക്ക്കിഴക്ക് ദിക്കുകളിലുമായാണ് യാത്രയെന്ന് ദേവസ്വം പ്രസിഡന്റ് കപില്‍ ആര്‍.പൈ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.