അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകം

Friday 28 April 2017 11:06 pm IST

കൊച്ചി: കുടിവെള്ള ക്ഷാമം ശക്തമായതോടെ ജില്ലയില്‍ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. രാത്രികാലങ്ങളില്‍ സ്വകാര്യ ഡ്രില്ലറുകളുടെ സഹായത്തോടെയാണ് നിര്‍മ്മാണം. കുഴല്‍ക്കിണറിനായി വ്യക്തികളെ ഏജന്റുമാര്‍ മുഖേനയാണ് സമീപിക്കുന്നത്. ഇവര്‍ക്ക് മൊത്തം ചെലവിന്റെ 20 ശതമാനത്തോളം കമ്മീഷനായി ലഭിക്കും. ഭൂമിയുടെ സ്ഥിതി അനുസരിച്ച് ശരാശരി 250 അടിവരെ കുഴിക്കുന്നതിന് 15,000 മുതല്‍ 50,000 രൂപവരെയാണ് ഈടാക്കുന്നത്. കൂടുതലായി വരുന്ന ഓരോ അടിക്കും 300 മുതല്‍ 750 രൂപ വരെ നല്‍കണം. വെള്ളം കിട്ടുന്ന സ്ഥലം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാതെ സൗകര്യപ്രദമെന്ന് തോന്നുന്നിടത്ത് കിണര്‍ കുഴിക്കുന്നതാണ് ഇവരുടെ രീതി. അനധികൃത കുഴല്‍ക്കിണര്‍ പൂര്‍ണമായും തടയാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തോതിലുള്ള ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭൂഗര്‍ഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോട് കൂടി മാത്രമേ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. കിണര്‍ നിര്‍മ്മിക്കുന്നതിന്റെ 15 ദിവസം മുമ്പ് വകുപ്പില്‍ വിവരം അറിയിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ എല്ലാ തരത്തിലുമുള്ള കിണറുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ 50,000 രൂപ ഫീസടച്ച് ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ സ്വകാര്യ ഏജന്‍സികളുടെ കീഴിലാണ് നിര്‍മ്മാണങ്ങളേറെയും നടക്കുന്നത്. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം സമീപത്തെ കിണറുകളും, കുളങ്ങളും വറ്റുന്ന സ്ഥിതിയാണുള്ളത്. നിശ്ചിത പരിധിക്ക് താഴെയുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യ പരമായ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.