കൊടി സുനിമാരുടേയും മണിമാരുടേയും പാര്‍ട്ടി

Saturday 29 April 2017 5:05 pm IST

എം.എം.മണിയെ മന്ത്രി പദത്തില്‍ നിന്നും മാറ്റിയോ ജയിലിലടച്ചോ ഇല്ലാതാക്കാവുന്നതല്ല സിപിഎമ്മിന്റെ അഴുക്കു രാഷ്ട്രീയം.അതു കൊടി സുനിയുടേയും മണിയുടേയും പാര്‍ട്ടിയാണ്.സിപിഎമ്മിന് ഒരു ഭാഷയുണ്ടെങ്കില്‍ അതു മണി പറയുന്നതാണ്. പക്ഷേ മണിയെപ്പോലെ നാലാം തരം ഊച്ചാളി രാഷ്ട്രീയക്കാര്‍ ഉന്നത വിദ്യാഭ്യാസവും ബിരുദവും പ്രതിഭയും സര്‍വോപരി സിവില്‍ സര്‍വീസിന് മാതൃകയുമായ ദേവികുളം സബ് കലക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമനെപ്പോലുള്ളവരെ ചെറ്റ എന്നും മറ്റും വിളിക്കുന്ന പ്രാകൃത സംസ്‌ക്കാരം മലയാളിക്കെന്നല്ല മനുഷ്യര്‍ക്കു തന്നെ നാണക്കേടാണ്. അതുപോലെ തന്നെ ജുഗുപ്‌സാവഹമാണ് പെമ്പിളൈ ഒരുമയെക്കുറിച്ചും മണി പറഞ്ഞതും. എംഎം.മണി എംഎല്‍എ ആയതും മന്ത്രിയായതും ജനങ്ങളുടെ വോട്ടുകൊണ്ടാണ്.അതുകൊണ്ടു തന്നെ അയാള്‍ ജനപ്രതിനിധിയാണ്. ജനപ്രതിനിധി ജനങ്ങളുടെ ദാസനായാണ് ജനാധിപത്യത്തില്‍ അറിയപ്പെടുന്നത്.അത്തരം ഒരാള്‍ എളിമയും ലാളിത്യവും പ്രകടിപ്പിച്ചുവേണം ജനങ്ങളോടു പെരുമാറാന്‍. എംഎല്‍എയും മന്ത്രിയും അല്ലെങ്കില്‍ തന്നെയും സാധാരണ മനുഷ്യന്‍ പെരുമാറേണ്ടതും ഇത്തരം സുജന മര്യാദയോടെ തന്നെയാണ്.എന്നാല്‍ മനുഷ്യനുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യേതരമായ എന്തോ ഒന്നിനാല്‍ നിര്‍മിക്കപ്പെട്ട അന്യഗ്രഹ ജീവിയെപ്പോലെ ഇയാള്‍ പെരുമാറുന്നത് അത്യന്തം ജനവിരുദ്ധവും മാനുഷീകവുമല്ലാത്ത സിപിഎമ്മിന്റെ പേരിലാണെന്നത് മറ്റൊരു പോക്കണം കേടാണ്. മക്കള്‍ വലിയ നിലയില്‍ എത്തണമെന്നു ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. അങ്ങനെ എത്തപ്പെട്ട മക്കളുടെ മാതാപിതാക്കള്‍ അങ്ങനെ ആഗ്രഹിച്ചിരുന്നവരും ആണ്.ഇങ്ങനെ ഉയര്‍ന്ന നിലയില്‍ എത്തിയ മക്കളുടെ പദവിപോകട്ടെ അവരെ സാധാരണ മനുഷ്യരായിട്ടുപോലും പരിഗണിക്കാതെ കേട്ടാല്‍ അറയ്ക്കുന്ന വാക്കും പരാമര്‍ശങ്ങളും മന്ത്രി എന്ന പദവിയുള്ള രാഷ്ട്രീയക്കാരന്റെ ഇല്ലാത്ത അധികാരത്തിന്റെ പേരില്‍ അഞ്ചാം ക്‌ളാസും ഗുസ്തിയും കൈവശമുള്ള മണിയെപ്പോലുള്ള ഒരു വങ്കന്‍ നടത്തുന്നത് ഇത്തരം മാതാപിതാക്കളേയും സംസ്‌ക്കാരവും സാക്ഷരതയുമുള്ള ഒന്നടങ്കം മലയാളികളേയും വേദനിപ്പിക്കുന്നതും പ്രതിഷേധിപ്പിക്കുന്നതുമാണ്. കഴിവും പ്രതിഭയോടുമൊപ്പം വളരെ കഷ്ടപ്പെട്ടു പഠിച്ചും തിക്താനുഭവങ്ങളിലൂടെ കടന്നുപോയും പ്രതികൂലമായ സാഹചര്യങ്ങളെ തരണം ചെയ്തുമൊക്കെയാണ് പലരും ഐഎഎസും ഐപിഎസുമൊക്കെ നേടുന്നത്.വായില്‍ വെള്ളക്കരണ്ടിയുമായി ജനിച്ചാലോ ഏതെങ്കിലും ആനുകൂല്യങ്ങളുടെ സൗജന്യത്താലോ കിട്ടുന്നതല്ല ഈ ഉന്നത ബിരുദങ്ങള്‍.എംബിബിഎസ് നേടി ഡോക്ടര്‍ ആയ ശേഷം സിവില്‍ സര്‍വീസ് രണ്ടാം റാങ്കോടു കൂടി പാസായി ദേവികുളം സബ് കലക്റ്ററായി നിയമിക്കപ്പെട്ട ആളാണ് ശ്രീറാം വെങ്കിട്ട രാമന്‍. കേരളത്തിലെന്നല്ല ഇന്ത്യ മുഴുവനും അഴിമതിക്കും ജനവിരുദ്ധതയ്ക്കും എതിരെ സന്ധിയില്ലാ സമരത്തിനു തയ്യാറായിക്കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാര്‍ ഐഎഎസില്‍ കടന്നു വന്നിട്ടുണ്ട്.കലക്റ്റര്‍ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോടിന്റെ ജനകീയനായിരുന്ന പ്രശാന്ത് നായര്‍. തിരുവനന്തപുരം സബ് കലക്റ്റര്‍ ദിവ്യ,കൊല്ലം കലക്റ്റര്‍ മിത്ര.ഡി എന്നിവര്‍ ഈ പരമ്പരയില്‍ ഏതാനും പേര്‍മാത്രം.ഇവരില്‍ ഇപ്പോള്‍ കേരളം ഒന്നടങ്കം ആഘോഷിക്കപ്പെടുന്ന പേരാണ് ശ്രീറാം വെങ്കിട്ട രാമന്‍.അതുപോലെ തന്നെ ഐപിഎസിന് അഭിമാനിക്കാവുന്ന നാമമാണ് ടി.പി.സെന്‍കുമാര്‍.വലിച്ചെറിയപ്പെട്ട കല്ല് മൂലക്കല്ലായി തിരിച്ചു വന്നപോലെയാണ് സുപ്രീംകോടതി വിധിയിലൂടെ അദ്ദേഹം തിരികെ വന്നത്.സിവില്‍ സര്‍വീസില്‍ ഒരു ന്യൂനപക്ഷം ഒഴികെ ഉള്ളവര്‍ അഴിമതിക്കാരും ജനവിരുദ്ധരും മാത്രമാണെന്നുള്ള ജനത്തിന്റെ ഉറച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആയ വിശ്വാസങ്ങളെ തിരുത്തുകയാണ് ഈ പുതു തലമുറ. മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് കോടതി കുറ്റപ്പെടുത്തിയിരിക്കുകയാണ്.പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്ന് ആരാഞ്ഞകോടതി മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.മണിയെ അനുകൂലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയം നിഷേധാത്മകവും അധാര്‍മികവുമാണ.് ജനവിരുദ്ധവും പ്രാകൃതവുമായ സിപിഎമ്മിന്റെ നയമാണ് ആ പാര്‍ട്ടിയുടെ പ്രാചീന പ്രതിനിധിയായ മണിയിലൂടെ പുറത്തു വന്നിരിക്കുന്നത്.മന്ത്രിയായ ഒരാള്‍ മറ്റുള്ളവരെ ചെറ്റ എന്നു വിളിക്കുമ്പോള്‍ ആരാണ് ചെറ്റയാകുന്നതെന്ന് മണിക്ക് അറിയാഞ്ഞിട്ടാണോ.മണിക്കു അമ്മയും പെങ്ങാമ്മാരുമില്ലേയെന്നാണ് പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ മണി നടത്തിയ മോശം പരാമര്‍ശത്തെക്കുറിച്ച് കേരളത്തിലെ സ്ത്രീകള്‍ ചോദിക്കുന്നത്. ജനങ്ങളുടെ പേരില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങളെ തന്നെ ശത്രുക്കളായി കരുതുന്ന ദുഷിച്ച ശീലങ്ങള്‍ കൊണ്ട് ലോകത്ത് നാമാവശേഷമായിരിക്കയാണ് കമ്യൂണിസം.ബംഗാളില്‍ തീര്‍ന്നു.തീരാനുള്ളത് ത്രിപുരയിലും കേരളത്തിലും.എ.കെ.ജിയേയും ഇ.എം,എസിനേയും വഴിയില്‍ ഉപേക്ഷിച്ചുകൊണ്ട് കൊടി സുനിയേയും എംഎം.മണിയേയും മഹാരഥന്മാരാക്കുന്ന പിണറായി വിജയന്‍ സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി വേഗത്തില്‍ തോണ്ടുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.