ശില്‍പകല പഠിക്കാത്ത ശില്‍പിയുണ്ടാക്കി; ആകാശത്തോളം ഉയരത്തില്‍ ദിനോസര്‍

Friday 28 April 2017 11:46 pm IST

ശിവാകൈലാസ് വിളപ്പില്‍: ആകാശത്തോളം ഉയരത്തില്‍ തലയുയര്‍ത്തി ദിനോസര്‍, ആനന്ദ നടനമാടുന്ന ശ്രീകൃഷ്ണന്‍, മണ്‍കലം ചുമക്കുന്ന ആദിമനുഷ്യന്റെ ദാരുശില്‍പ്പം, ഗാന്ധിജി, അബ്ദുള്‍ കലാം, ശ്രീനാരായണ ഗുരുദേവന്‍, അന്തോണിയാസ് പുണ്യാളന്‍ തുടങ്ങി ജീവസുറ്റ ശില്‍പ്പങ്ങള്‍ ചമച്ച് ഷമ്മി നാട്ടുകാര്‍ക്ക് അത്ഭുതമാകുന്നു. ശില്‍പകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഒരാളില്‍നിന്ന് അപൂര്‍വ സൃഷ്ടികള്‍ പിറക്കുന്നതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തുന്നത്. പൂവച്ചല്‍ പുതുക്കോണം കുറ്റിച്ചിറ റോഡരികത്ത് വീട്ടില്‍ ഷമ്മികുമാര്‍ (47)ന് ശില്‍പകലയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ഗുരുക്കന്‍മാരുമില്ല. പക്ഷേ ശില്‍പ നിര്‍മ്മാണം ഷമ്മിയുടെ ജീവിതത്തിന്റെ ഭാഗമാണ്, ജീവനോപാധിയും. ഏഴ് വര്‍ഷം മുന്‍പാണ് ഷമ്മി ചെറിയ ചെറിയ ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ കമ്പമുണ്ടായിരുന്നെങ്കിലും ശില്‍പങ്ങളുണ്ടാക്കാന്‍ ഷമ്മിക്ക് അറിയില്ലായിരുന്നു. പരീക്ഷണമെന്നോണം കളിമണ്ണിലും പാഴ്ത്തടിയിലും ഷമ്മി കരവിരുതു കാട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ അത് മികവുറ്റതെന്ന് പ്രശംസിച്ചു. പ്രോത്സാഹനങ്ങള്‍ ഏറിയതോടെ ഷമ്മിയുടെ പണിപ്പുരയില്‍ പരീക്ഷണ ശില്‍പങ്ങള്‍ നിരവധിയുണ്ടായി. മക്കളായ ശിവലക്ഷ്മിയും ശിവപ്രിയയും പഠിക്കുന്ന പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ തലയെടുപ്പുള്ള ഒരു ശില്‍പം വേണമെന്ന് പിറ്റിഎ തീരുമാനിച്ചു. പിറ്റിഎ അംഗം കൂടിയായ ഷമ്മി പ്രതിഭലം വാങ്ങാതെ ശില്‍പത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. മൂന്ന് മാസത്തെ കഠിനാധ്വാനത്തിനൊടുവില്‍ വിദ്യാലയ മുറ്റത്ത് ദിനോസര്‍ ഉയര്‍ന്നു. ഇരുപത് അടിയിലേറെ ഉയരമുള്ള ദിനോസര്‍. ഒരുപക്ഷേ കേരളത്തില്‍ ഇത്രയും ഉയരവും രൂപഭംഗിയുമുള്ള ദിനോസര്‍ ശില്‍പം മറ്റൊരിടത്തും ഉണ്ടാവില്ല. ചിത്രകലയില്‍ മോഡേണ്‍ ആര്‍ട്ടിനോട് താല്‍പര്യമില്ലാത്ത ഷമ്മിക്ക് റിയലിസ്റ്റിക്കിനോടാണ് പ്രിയം. ശില്‍പ നിര്‍മ്മാണത്തിനൊപ്പം രവിവര്‍മ്മ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരം നടത്തുന്നുണ്ട്. രവിവര്‍മ്മയുടെ ഹംസവും ദമയന്തിയും അതേ വര്‍ണ്ണപ്പൊലിമയില്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്ന തിരക്കിലാണ് ഷമ്മി. ബിജെപി പുതുക്കോണം ബൂത്ത് പ്രസിഡന്റ് കൂടിയാണ് ഷമ്മി. ഭാര്യ മഞ്ചുവും ഭര്‍ത്താവിന്റെ കലാജീവിതത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.