മെയ്ദിന കായികമേള, സിഐടിയുവിന്റെ പ്രായോജകര്‍ മുത്തൂറ്റ്...

Sunday 21 May 2017 6:45 pm IST

മുത്തൂറ്റിന്റെ ജേഴ്‌സി അണിഞ്ഞ സിഐടിയുവിന്റെ കോട്ടയം ജില്ലാ ഫുട്‌ബോള്‍ ടീം

കളമശേരി: സര്‍വരാജ്യത്തൊഴിലാളിവര്‍ഗത്തിന്റെ അഭിമാന ദിവസമായ മെയ് ഒന്ന് കേരളത്തിലെ തൊഴിലാളി വര്‍ഗം ആഘോഷിക്കുമ്പോള്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഫിനാന്‍സ് അല്ലാതെ മറ്റാര്!

മെയ് ഒന്നിന് ഇനിയും ദിവസങ്ങള്‍ ബാക്കി. സിഐടിയു ആഘോഷം തുടങ്ങിക്കഴിഞ്ഞു. എറണാകുളത്തെ ഏലൂരില്‍ സിഐടിയു സംഘടിപ്പിച്ച സംസ്ഥാന മെയ്ദിന കായിക മേളയിലാണ് മുത്തൂറ്റ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോള്‍ ടീം ഇറങ്ങിയത്.

ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിലാണ് മെയ്ദിന കായികമേള ഇന്നലെ ആരംഭിച്ചത്. സിഐടിയുവിന്റെ കോട്ടയം ജില്ലാ ഫുട്‌ബോള്‍ ടീമാണ് മുത്തൂറ്റ് ഫിനാന്‍സ് എന്നു രേഖപ്പെടുത്തിയ ജേഴ്‌സി അണിഞ്ഞിറങ്ങിയത്.  സിഐടിയുവിന്റെ മുത്തൂറ്റ് എംപ്ലോയീസ് യൂണിയന്‍ മൂത്തുറ്റ് ഫിനാന്‍സിനെ പൂട്ടിക്കാന്‍ നടത്തിയ സമരം ആരും മറന്നിട്ടില്ല. ശക്തമായ സമരം പിന്നീട് മാനേജ്‌മെന്റുമായി നടത്തിയ ഒത്തുകളിയുടെ ഭാഗമായി പിന്‍വലിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.

ആ ആരോപണം ശരിവെക്കുന്ന ദൃശ്യമാണ് ഏലൂരിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കണ്ടത്. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി കെ. എന്‍. ഗോപിനാഥാണ് മെയ്ദിന കായിക മേളയുടെ ജനറല്‍ കണ്‍വീനര്‍. മുന്‍ എംപിയും സിഐടിയു ദേശീയ നേതാവുമായ കെ. ചന്ദ്രന്‍ പിള്ളയാണ് ചെയര്‍മാന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റും ക്വട്ടേഷന്‍ ബന്ധങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിച്ച കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈനാണ് രക്ഷാധികാരി.

ഇങ്ങനെയൊക്കെയാണെങ്കില്‍ സിഐടിയു കായികമേളയ്ക്ക്, ദിസ് പ്രോഗ്രാം സ്‌പോണ്‍സേഡ് ബൈ മുത്തൂറ്റ് ഫിനാന്‍സ് എന്ന അനൗണ്‍മെന്റ് മുഴങ്ങിയാലും അത്ഭുതപ്പെടാനില്ല എന്നാണ് അണികളുടെ അടക്കം പറച്ചില്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.