ദേവസ്വം ബോര്‍ഡ് കണ്ണാടി നോക്കട്ടെ

Saturday 29 April 2017 7:42 pm IST

ദേവസ്വം ബോര്‍ഡ് നടത്തുന്ന എല്ലാ ക്ഷേത്രങ്ങളും 'നേരെ ചൊവ്വേ' നടക്കുന്നുണ്ടോ എന്ന് ആദ്യം അന്വേഷിച്ചതിനുശേഷം വേണം മറ്റു സ്വകാര്യ ക്ഷേത്രങ്ങളിലും മറ്റു സമുദായങ്ങള്‍ നടത്തുന്ന ക്ഷേത്രങ്ങളിലും അപാകതകള്‍ ഉണ്ടോ എന്നു നോക്കാന്‍. കുറച്ചാളുകള്‍ ഒപ്പിട്ട് ക്ഷേത്രത്തില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞുകേട്ട ദേവസ്വം ബോര്‍ഡ് ആ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയാല്‍, ബോര്‍ഡ് തന്നെ നടത്തിവരുന്ന ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കരപോലെയുള്ള വലിയ ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ അവതാളത്തിലാകും. ക്ഷേത്രങ്ങളിലെ ഫണ്ട് ദുരുപയോഗം ചെയ്യുകയും ഭക്തജനങ്ങള്‍ക്കുവേണ്ടി ഒന്നുംതന്നെ ചെയ്യുന്നില്ലെന്നുമുള്ള വിവാദം ബോര്‍ഡിന്റെ പേരില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ സ്വകാര്യ ക്ഷേത്രങ്ങളിലും മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങളിലുമുള്ള കമ്മറ്റിക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായമുള്ളവര്‍ ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതിപ്പെടുന്നത് സാധാരണയാണ്. ചിലപ്പോള്‍ ഈ ആരോപണങ്ങളില്‍ ലവലേശം സത്യം കാണുകയുമില്ല. ഈശ്വരവിശ്വാസികളാണ് അധികവും ഈ ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. ക്ഷേത്രപുരോഗതിക്കുവേണ്ടി ഇവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് ആരും നടിക്കരുത്. ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജിഎസ്ബിയുടെ കീഴില്‍ നടത്തിവരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് വളരെയധികം പ്രശംസിച്ചെഴുതിയതായി കാണാം. ഈ ക്ഷേത്രങ്ങള്‍ വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. പിന്നെ അഴിമതിയെന്ന കുപ്രസിദ്ധമായ വാക്ക് ഇന്ന് എല്ലാ ക്ഷേത്രഭരണത്തിനെതിരെയും പറയുന്നത് സ്വാഭാവികമാണ്. അതുകേട്ട് ദേവസ്വം ബോര്‍ഡ് ഭാഷാ ന്യൂനപക്ഷങ്ങള്‍ സത്യസന്ധമായി നടത്തിവരുന്ന ക്ഷേത്രങ്ങളില്‍ കൈകടത്തുന്നത് ആപത്തായിരിക്കും. എന്‍.യു.പൈ,

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.