വണ്ടിപ്പെരിയാര്‍ പുതിയപാലം കയ്യടക്കി വാഹന പാര്‍ക്കിങ്

Saturday 29 April 2017 10:03 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പെരിയാറിന് കുറുകെ നിര്‍മ്മിച്ച പുതിയപാലത്തിലടക്കം വാഹന പാര്‍ക്കിങ് പതിവായിട്ടും നടപടി സ്വീകരിക്കാതെ പോലീസ്. പുതിയപാലം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൗണിലെ ഗതാഗതക്കുരുക്ക് തീരുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായിരിക്കുകയാണ്. ദേശീയപാതയിലൂടെ കുമളി, തേക്കടി മധുര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് പുതിയപാലത്തിലൂടെ കടന്ന് പോകുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയപാലം വഴിയാണ് കടന്ന് പോകുന്നത്. ഇത് കണക്കിലെടുത്താണ് വാഹനങ്ങള്‍ പുതിയപാലത്തിന്റെ വശത്തായി പാര്‍ക്ക് ചെയ്യുന്നത്. പാലത്തിലൂടെയുള്ള യാത്രയില്‍ വാഹനങ്ങള്‍ നിര്‍ത്തുവാന്‍ പാടില്ലെന്ന  നിയമം ഇവിടെ പാലിക്കപ്പെടുന്നില്ല. കൂടാതെ ആര്‍സി ചര്‍ച്ചിന് എതിര്‍വശം രണ്ട് പാലങ്ങളുടെയും മദ്ധ്യഭാഗത്തും അനധികൃത പാര്‍ക്കിങ് പതിവാണ്. ഇക്കാരണത്താല്‍ ഇവിടെ ചെറുതും വലുതുമായി നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലാണ് പ്രധാനമായും ഗതാഗതക്കുരുക്ക് പതിവാകുന്നത്. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ അശാസ്ത്രീയമായ പാര്‍ക്കിങ് സ്വകാര്യ ബസിന് യാത്രക്കാരെ കയറ്റുന്നതിന് തടസമാകുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടികളും ഉണ്ടാകാറില്ല. ഇത്രയും തിരക്കേറിയ ടൗണില്‍ ഒരു ഹോംഗാര്‍ഡിനെ മാത്രമാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. നിരവധി വിദേശസ്വദേശ ടൂറിസ്റ്റുകളും അന്യസംസ്ഥാന വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. മന്ത്രിമാരും മറ്റ് വിഐപികളും കടന്നുപോകുന്ന സമയത്ത് മാത്രം പോലീസ് ടൗണില്‍ ട്രാഫിക് നിയന്ത്രിക്കും. മറ്റ് ദിവസങ്ങളില്‍ ഹോംഗാര്‍ഡ്  മാത്രം. ടൗണില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.