സഞ്ചരിക്കുന്ന ദുരന്തങ്ങളായി മനുഷ്യന്‍ മാറരുത്: അമ്മ

Saturday 29 April 2017 10:11 pm IST

തൃശൂര്‍: മനുഷ്യനിന്ന് സഞ്ചരിക്കുന്ന ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാതാ അമൃതാനന്ദമയി. പ്രകൃതി ദുരന്തങ്ങള്‍ നടക്കുന്നതിന് മുമ്പ് പോലും ചില മുന്നറിയിപ്പുകളോ സൂചനകളോ നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ അവന്റെ മനസ്സിനുള്ളില്‍ കൊണ്ടുനടക്കുന്ന വന്‍ദുരന്തങ്ങള്‍ കണ്ടെത്താനുള്ള യന്ത്രമൊന്നും ശാസ്ത്രത്തിനിതുവരെ കണ്ടെത്താനായിട്ടില്ല. പഞ്ചിക്കല്‍ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തില്‍ അനുഗ്രഹ പ്രഭാഷനം നടത്തുകയായിരുന്നു അമ്മ. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റേയും ഭൂമിയുടേയും പ്രകൃതിയുടേയും ഭാവി എന്നിവയെക്കുറിച്ച് പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും സംവാദങ്ങളും സമ്മേളനങ്ങളും ലോകമെമ്പാടും നടക്കുന്നു. പക്ഷേ, മനുഷ്യ മനസ്സിന്റെ താപനില അപകടകരമായ വിധത്തില്‍ ഉയരുന്നു. ജീവിതത്തിന്റെ പ്രധാന ഘടകം തന്നെ ഭയവും ആവലാതിയുമാണെന്നുള്ള അവസ്ഥയാണിന്ന്. എല്ലാവര്‍ക്കും ടെന്‍ഷന്‍ ഫ്രീ ജീവിതം വേണം. എന്നാല്‍ മിക്കവരും ഫ്രീ ആയിട്ട് ടെന്‍ഷന്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. പ്രകൃതി സംരക്ഷണം ഇന്ന് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. നമ്മുടെ പൂര്‍വികര്‍ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ പ്രകൃതി സംരക്ഷണം എന്ന ഈ വലിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. പ്രകൃതിയില്‍ നിന്ന് വേണ്ടത് മാത്രം എടുക്കുക. കൂടുതല്‍ എടുക്കുന്നതും പാഴാക്കുന്നതും അധര്‍മമാണെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ മഹാഗണപതി ഹോമത്തോടെയാരംഭിച്ച ചടങ്ങുകളില്‍ പങ്കെടുക്കാനും അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങാനും നിരവധി ഭക്തിജനങ്ങളാണ് ബ്രഹ്മസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. അമൃത സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വസ്ത്രവിതരണവും നടന്നു. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയും ധ്യാനപരിശീലനവും ഉണ്ടായി. എല്ലാ ഭക്തജനങ്ങളെയും നേരില്‍ കണ്ടശേഷമാണ് അമ്മ വേദി വിട്ടത്. പുലരുവോളം ദര്‍ശനം തുടര്‍ന്നു.ഇന്ന് രാവിലെ 7ന് ഭക്തജനങ്ങള്‍ നേരിട്ട് ചെയ്യുന്ന ശനിദോഷനിവാരണ പൂജ. 11ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണം. തുടര്‍ന്ന് ഭക്തിഗാനസുധ, ധ്യാനപരിശീലനം, ദര്‍ശനം എന്നിവയുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.