ശങ്കര ജയന്തിആഘോഷം മഹാപരിക്രമം ഇന്ന്

Saturday 29 April 2017 11:29 pm IST

കാലടി: ശ്രീ ശങ്കരന്റെ ജന്മസ്ഥലവും തീര്‍ത്ഥാടന കേന്ദ്രവുമായ കാലടിയില്‍ ഇന്ന് ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ ശ്രീ ശങ്കരജയന്തി തത്ത്വജ്ഞാന ദിനമായിവിപുലമായിആഘോഷിക്കും. രാവിലെ ആദിശങ്കരകീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ സന്യാസി സമ്മേളനം നടക്കും. സമ്മേളനം കൊല്‍ക്കത്ത ബേലൂര്‍മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം ചെയ്യും. ദര്‍ശനാനന്ദ സരസ്വതി സ്വാമികള്‍ അധ്യക്ഷനാകും. വിവിധ ആശ്രമങ്ങളിലും മഠങ്ങളില്‍ നിന്നുമായി മുന്നൂറോളം സന്യാസിമാര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ്2.30ന് ശ്രീ ശങ്കര ദര്‍ശനങ്ങളും കാലിക പ്രശസ്തിയും എന്ന വിഷയത്തിലുള്ള ചര്‍ച്ച കീര്‍ത്തിസ്തംഭത്തില്‍ നടക്കും. ചര്‍ച്ചയ്ക്ക് ദര്‍ശനാനന്ദ സരസ്വതി സ്വാമികള്‍ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് മഹാപരിക്രമ കീര്‍ത്തി സ്തംഭത്തില്‍ നിന്ന് ആരംഭിക്കും. കേന്ദ്ര രാജ്യ രക്ഷ സഹമന്ത്രി ഡോ. സുഭാഷ് റാവു ഭാം റോജി ഉദ്ഘാടനം ചെയ്യും. കാഞ്ചിമഠാധിപതി ജയേന്ദ്ര സരസ്വതിസ്വാമികള്‍ മുഖ്യഥിതിയായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പതിനായിരത്തോളം പേര്‍ പരിക്രമയില്‍ അണിചേരും. കാലടി ടൗണ്‍ ചുറ്റി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം ആദിശങ്കര ജന്മഭൂമിക്ഷേത്രം ശ്രീശങ്കരന്റെ കുലദേവത ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങള്‍ കടന്ന് ശ്രൃംഗേരി മുതലക്കടവില്‍ സമാപിക്കും.തുടര്‍ന്ന് ആലുവതന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്‍മാരുടെ നേതൃത്വത്തില്‍ നദീ പൂജയും മഹാസ്‌നാനവും നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.