സാമൂഹ്യനീതിക്ക് ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം: വെള്ളാപ്പള്ളി

Sunday 21 May 2017 6:31 pm IST

ചേര്‍ത്തലയില്‍ ശ്രീനാരായണ ദര്‍ശന മഹാസത്രം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. അരയക്കണ്ടി സന്തോഷ്, പ്രീതി നടേശന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ സമീപം.

ചേര്‍ത്തല: സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റും ഒന്നിച്ചുനില്‍ക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശന മഹാസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിവഗിരിയിലെ സംന്യാസിമാരും യോഗം, ട്രസ്റ്റ് നേതാക്കളും ഒരേവേദിയില്‍ സംഗമിച്ചത് ഗുരുഭക്തരെ ഏറെ സന്തോഷിപ്പിക്കും. നാളുകളായി ആഗ്രഹിച്ചിരുന്ന സംഗമമാണ് ഇന്ന് സാദ്ധ്യമായത്.

ഭിന്നിച്ച് നിന്ന് നഷ്ടത്തിന്റെ കണക്കുമാത്രം പറയുന്നവരായി ഈഴവ സമുദായം മാറി. സംഘടിത വോട്ടുബാങ്കായാലേ തലോടാനും താലോലിക്കുവാനും ഭരണത്തിലിരിക്കുന്നവര്‍ തയ്യാറാകൂ. ഈഴവ സമുദായം സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണ്. സമുദായം എല്ലാതരത്തിലും ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അനാചാരത്തിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന ജനവിഭാഗത്തെ മോചിപ്പിക്കാന്‍ അവതാരമെടുത്ത മഹാത്മാവാണ് ഗുരുദേവനെന്ന് അദ്ധ്യക്ഷത വഹിച്ച ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധനാനന്ദ പറഞ്ഞു. വര്‍ത്തമാനകാലത്തിലുണ്ടാകുന്ന അരുതാത്ത പ്രവര്‍ത്തികള്‍ക്കുള്ള വ്യക്തമായ ഉത്തരം ഗുരുസന്ദേശത്തിലുണ്ട്. ഗുരുവിന്റെ ദര്‍ശനങ്ങളാണ് നമ്മുടെ ജീവിതപാതയെന്നും ഇതാകണം സത്രസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.