ജില്ലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 575.44 കോടി രൂപയുടെ നിക്ഷേപം

Thursday 21 June 2012 12:57 am IST

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ പുതുതായി ആരംഭിച്ചത്‌ 2082 പുതിയ വ്യവസായ യൂണിറ്റുകള്‍. 575.44 കോടി രൂപയുടെ നിക്ഷേപം വഴി 19787 തൊഴിലവസരങ്ങളാണ്‌ ലഭ്യമായതെന്ന്‌ ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ഡോ. കെ.ജി. ഗീത പറഞ്ഞു. 91 വ്യവസായങ്ങള്‍ക്കായി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 4.12 കോടി രൂപയുടെ മൂലധന സബ്സിഡിയും അനുവദിച്ചു. മാര്‍ജിന്‍ മണി വായ്പയായി 31 വ്യവസായങ്ങള്‍ക്ക്‌ 66.44 ലക്ഷം രൂപയും ജില്ലാ വ്യവസായ കേന്ദ്രം മുഖേന നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതിയില്‍ ജില്ലയില്‍ ധനസഹായം ലഭ്യമായത്‌ 16 സംരംഭകര്‍ക്കാണ്‌. 8.25 ലക്ഷം രൂപയാണ്‌ ഈയിനത്തില്‍ അനുവദിച്ചത്‌. വനിത വ്യവസായ പദ്ധതിക്കു കീഴില്‍ 27 യൂണിറ്റുകള്‍ക്ക്‌ 20.95 ലക്ഷം രൂപയും നല്‍കാന്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പി.എം.ഇ.ജി.പിയില്‍ എട്ട്‌ സംരംഭകര്‍ക്കായി 41.295 ലക്ഷം രൂപ ഗ്രാന്റായി വിവിധ ബാങ്കുകള്‍ക്ക്‌ നല്‍കി. ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍ക്കുള്ള പരിശീലന സഹായമായി അനുവദിച്ചത്‌ 3.25 ലക്ഷം രൂപ. ആറ്‌ വ്യവസായ യൂണിറ്റുകള്‍ക്ക്‌ ടേണ്‍ ഓവര്‍ സബ്സിഡിയായി 16.81 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ജില്ല വ്യവസായ കേന്ദ്രം അടങ്ങുന്ന പുതിയ വ്യവസായ സമുച്ചയം കാക്കനാട്‌ പ്രവര്‍ത്തനമാരംഭിച്ചത്‌ കഴിഞ്ഞ മാസമാണ്‌. കാലടിയില്‍ റൈസ്മില്‍ കണ്‍സോര്‍ഷ്യത്തിന്റെ റൈസ്‌ ബ്രാന്‍ ഓയില്‍ റിഫൈനറിക്കുള്ള കോമണ്‍ ഫസിലിറ്റി സെന്ററും കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയിലാണ്‌ വ്യവസായ സമുച്ചയവും കോമണ്‍ ഫസിലിറ്റി സെന്ററും ഉദ്ഘാടനം ചെയ്തത്‌. കാലടി കോമണ്‍ ഫസിലിറ്റി സെന്ററിന്‌ കേന്ദ്ര സര്‍ക്കാര്‍ 473 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 163 ലക്ഷം രൂപയും അനുവദിച്ചു. കണ്‍സോര്‍ഷ്യം സ്വന്തം നിലയില്‍ സമാഹരിച്ചത്‌ 364 ലക്ഷം രൂപ. എടയാറില്‍ ബഹുനില വ്യവസായ സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. മൂന്ന്‌ നിലകളിലായി അറുപത്‌ സംരംഭകര്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന രീതിയിലാണ്‌ സമുച്ചയത്തിന്റെ രൂപകല്‍പ്പന. 4.50 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.