കുട്ടനാട്ടില്‍ രണ്ടാം കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി

Sunday 30 April 2017 4:29 pm IST

കുട്ടനാട്: പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ഏകദേശം പൂര്‍ത്തിയായതോടെ രണ്ടാം കൃഷിചെയ്യുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം പുഞ്ച സ്‌പെഷല്‍ ഓഫിസില്‍ രണ്ടാംകൃഷി ചെയ്യുന്ന പാടങ്ങളുടെ ലേലം നടന്നിരുന്നു. സംഭരണം പൂര്‍ത്തിയായ പാടശേഖരങ്ങളിലെ ഉപയോഗ ശൂന്യമായ കച്ചി കത്തിച്ചു നിലം ഉഴുതുമറിക്കുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ പുഞ്ചക്കൃഷിയുടെ നെല്ലു സംഭരണ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ തെക്കേ മണപ്പള്ളി പാടശേഖരത്തിലെ വിളവെടുപ്പു പൂര്‍ത്തിയായെങ്കിലും നെല്ലു സംഭരണം നടന്നില്ല. മില്ലുടമകളുടെ പ്രതിനിധികള്‍ നെല്ലു പരിശോധിച്ചെങ്കിലും തുടര്‍ നടപടിയായില്ല. നെല്ലു വളരെ മോശമായതിനാല്‍ കിഴിവു സംബന്ധിച്ചുള്ള തീരുമാനം പാഡി മാര്‍ക്കറ്റിങ് ഓഫിസില്‍ നിന്നും നല്‍കുമെന്നാണു മില്ലുടമകള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 75 ശതമാനത്തോളം സംഭരണം പൂര്‍ത്തിയായ നെടുമുടി കൃഷിഭവന്‍ പരിധിയിലെ പൂതിയോട്ടു വരമ്പിനകത്തെ നെല്ലു സംഭരണം വീണ്ടും മുടങ്ങി. സംഭരണം സ്ഥിരമായി മുടങ്ങുന്നത് കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നു. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ രണ്ടു പാടങ്ങളില്‍ കിഴിവു സംബന്ധിച്ചു ധാരണയില്‍ എത്താത്തതിനാല്‍ നെല്ലു സംഭരണം നടന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.