വിവാഹത്തിന് ബാന്‍ഡ്‌മേളം; കിണറില്‍ മണ്ണെണ്ണയൊഴിച്ചു

Sunday 30 April 2017 9:35 pm IST

ഭോപ്പാല്‍: മകളുടെ വിവാഹത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയെന്നൊരു കാര്യമേ ചന്ദര്‍ മേഘ്‌വാള്‍ ചെയ്തുള്ളു. അതിനു നല്‍കേണ്ടി വന്നത് വലിയ വില. കുടിവെള്ളം മുട്ടി. ദളിതര്‍ ഉപയോഗിക്കുന്ന കിണറില്‍ ഉയര്‍ന്ന ജാതിക്കാര്‍ മണ്ണെണ്ണയൊഴിച്ചു. മധ്യപ്രദേശിലെ മാള്‍വ ജില്ലയിലെ അഗറിലാണ് സംഭവം. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായെത്തി കിണറില്‍ മണ്ണെണ്ണയൊഴിക്കുകയായിരുന്നു. ചന്ദറിന്റെ മകളുടെ വിവാഹത്തിന് വരനെ സ്വീകരിക്കാനാണ് ബാന്‍ഡ്മേളം ഏര്‍പ്പാടാക്കിയത്. ഈ ഗ്രാമത്തിലെ രീതിയനുസരിച്ച് ദളിത് വിവാഹങ്ങളില്‍ ധോള്‍ മാത്രമേ ഉപയോഗിക്കാവൂ. ചന്ദറിന്റെ തീരുമാനത്തിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ ഭീഷണി മുഴക്കി. പോലീസ് സംരക്ഷണത്തില്‍ ഏപ്രില്‍ 23നായിരുന്നു വിവാഹം. കിണര്‍ ശുദ്ധീകരിക്കാന്‍ ഏറെ സമയമെടുത്തു. ആദ്യം കിണറിനടിയില്‍ ചാലു കീറി വെള്ളം സമീപത്തെ കാളിസിന്ധ് നദിയിലേക്കൊഴുക്കി. അതിനൊപ്പം പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്കും കളഞ്ഞു. ഏറെ ദിവസം വേണ്ടി വന്നു കിണര്‍ ശുദ്ധിയാകാന്‍. ജില്ലാ കളക്ടര്‍ ഡി. വി. സിങ്ങും, പോലീസ് മേധാവി ആര്‍. എസ്. മീണയും ഗ്രാമത്തിലെത്തി കിണറിലെ വെള്ളം കുടിച്ച് ഗ്രാമീണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രദേശത്ത് രണ്ട് കുഴല്‍ക്കിണര്‍ സ്ഥാപിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. അന്വേഷണം ഊര്‍ജിതമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് മേധാവി ഉറപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.