ദിഗ്‌വിജയിനെ ഒഴിവാക്കി

Sunday 30 April 2017 9:41 pm IST

ന്യൂദല്‍ഹി: ഗോവയുടെയും കര്‍ണാടകത്തിന്റെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിഗ്‌വിജയ് സിങ്ങിനെ കോണ്‍ഗ്രസ് നീക്കി. ആലപ്പുഴ എംപി കെ.സി. വേണുഗോപാലിനെ ജനറല്‍ സെക്രട്ടറിയാക്കി കര്‍ണാടകത്തിന്റെ ചുമതല നല്‍കിയപ്പോള്‍ സെക്രട്ടറി ഡോ.എ. ചെല്ലകുമാര്‍ ഗോവയിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാതിരുന്നതാണ് ദിഗ്‌വിജയ് സിങ്ങിന് വിനയായത്. ഇദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ഭരണം നഷ്ടപ്പെടുത്തിയെന്ന് ഗോവ ഘടകം വിമര്‍ശിച്ചിരുന്നു. അതേസമയം, ദിഗ്‌വിജയിനൊപ്പം ഗോവയുടെ കാര്യങ്ങള്‍ നോക്കിയിരുന്ന വേണുഗോപാലിന് നടപടി നേരിടേണ്ടിവന്നില്ല. സംസ്ഥാന ഘടകം വേണുഗോപാലിനെയും തള്ളിപ്പറഞ്ഞിരുന്നു. അടുത്ത വര്‍ഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തുകയാണ് വേണുഗോപാലിനു മുന്നിലെ പ്രധാന വെല്ലുവിളി. പി.സി. വിഷ്ണുനാഥ്, മധു ഗൗഡ് യാഷ്‌കി, മിക്കം ടാഗോര്‍, ഡോ. സാകെ സെയ്‌ലാനാഥ് എന്നിവര്‍ വേണുഗോപാലിനെ സഹായിക്കാനുണ്ടാകും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖിനെയും ഗോവയിലേക്ക് നിയോഗിച്ചു. ഗുജറാത്തിന്റെ ചമുതലയുള്ള ജനറല്‍ സെക്രട്ടറിയായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ നിയമിച്ചു. ഗുരുദാസ് കാമത്തിനു പകരമാണിത്. രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരന്‍ മധുസൂദന്‍ മിസ്ത്രിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി സംഘടനാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനാണ് സമിതി ചെയര്‍മാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.