എസ്‌ഐക്ക്‌ മര്‍ദ്ദനം; പത്ത്‌ പേര്‍ക്കെതിരെ കേസ്‌

Monday 11 July 2011 11:23 pm IST

കോട്ടയം: ക്രൈംബ്രാഞ്ച്‌ എസ്‌.ഐ പ്രേമചന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന പത്ത്‌ പേര്‍ക്കെതിരെ കേസ്‌. നഗരത്തിലെ ചില നേതാക്കള്‍ക്കും തിരുനക്കര മൈതാനിയിലെ സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയാണ്‌ കേസ്‌. പരിക്കേറ്റ എസ്‌.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കോട്ടയം വെസ്റ്റ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. കെ.എസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ കാറിണ്റ്റെ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്‌. പോലീസ്‌ സ്റ്റേഷനുകളുടെ നിയന്ത്രണത്തിനായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും നിയോഗിച്ച ഐഎന്‍ടിയുസി നേതാവ്‌ കുഞ്ഞ്‌ ഇല്ലംപള്ളിയുടെ നേതൃത്വത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമം പാര്‍ട്ടിക്കുള്ളിലും വ്യാപക എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്‌. ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുവേണ്ടി പോലീസുമായി ബന്ധപ്പെട്ട്‌ നടപടികള്‍ മയപ്പെടുത്തുന്നതിണ്റ്റെ ചുമതലയാണ്‌ ഐഎന്‍ടിയുസി നേതാവിനുള്ളതെന്നറിയുന്നു. നേതാവ്‌ എത്തിയാല്‍ ജില്ലയിലെ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെ എണീറ്റ്‌ നിന്നാണ്‌ സ്വീകരിക്കുന്നതെന്നാണ്‌ പോലീസിനുള്ളിലെ തന്നെ സംസാരം. അതിനിടെ കേസില്‍ പ്രതിയാകുമെന്നായതോടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രക്ഷപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. മന്ത്രിയുടെ അടുത്ത അനുയായികള്‍ പരിക്കേറ്റ എസ്‌.ഐയേയും ജില്ലയിലെ ഉയര്‍ന്ന പോലീസ്‌ അധികാരികളേയും ഫോണില്‍ വിളിച്ച്‌ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ മര്‍ദ്ദനത്തിന്‌ നേതൃത്വം നല്‍കിയ കുഞ്ഞ്‌ ഇല്ലംപള്ളി ഉള്‍പ്പെടെ എസ്‌ഐയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നതിനാല്‍ കേസില്‍ നിന്ന്‌ ഒഴിവാക്കിയാല്‍ വിവാദമാകുമെന്നാണ്‌ പോലീസ്‌ വിലയിരുത്തല്‍. ഐഎന്‍ടിയുസി നേതാവിനെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി മന്ത്രിതല ഇടപെടലുകള്‍ ആരംഭിച്ചതായും സൂചനയുണ്ട്‌. ഇതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ വ്യക്തമായ തെളിവുകളുണ്ടായിട്ടും കണ്ടാലറിയാലുന്ന പ്രതികള്‍ക്കെതിരെ എന്ന പേരില്‍ മാത്രം കേസെടുത്തിരിക്കുന്നത്‌. ഇതിനിടെ സംഭവത്തെ തുടര്‍ന്ന്‌ ജില്ലയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തിലും ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രിയോടടുത്ത വിഭാഗം പ്രശ്നത്തിലിടപെടാന്‍ തയ്യാറായിട്ടില്ലെന്നാണ്‌ സൂചന. നഗരത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ കാട്ടുന്ന 'ഷോ' അംഗീകരിക്കാനാവില്ലെന്നാണ്‌ മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്‌. ഇതോടെ അക്രമത്തിന്‌ നേതൃത്വം നല്‍കിയ നേതാക്കള്‍ സ്വയരക്ഷയ്ക്കായി ക്ഷമാപണവുമായി നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം നഗരത്തിലെ അറിയപ്പെടുന്ന ക്രിമിനലുകളും പിടിച്ചുപറിക്കാരും ചേര്‍ന്ന്‌ എസ്‌ഐയെ മര്‍ദ്ദിച്ചത്‌ പാര്‍ട്ടിക്ക്‌ വലിയ നാണക്കേടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ സദാശിവനെ(45) മര്‍ദ്ദിച്ച സംഭവത്തില്‍ തൊഴിലാളി യൂണിയന്‍ ശക്തമായ പ്രക്ഷോഭ നടപടികള്‍ ആരംഭിച്ചതോടെയാണ്‌ കേസെടുത്തിരിക്കുന്നത്‌. എന്നാല്‍ കാര്‍ ഡ്രൈവറുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ്‌ മടിക്കുകയാണ്‌.