റബ്ബര്‍, കുരുമുളക് വിലത്തകര്‍ച്ച; കര്‍ഷകര്‍ ഞെരുക്കത്തില്‍

Sunday 30 April 2017 10:17 pm IST

കോട്ടയം: മലയോര മേഖലയുടെ നട്ടെല്ലൊടിച്ച് റബ്ബറിന്റെയും കുരുമുളകിന്റെയും വില തകര്‍ന്നതോടെ കര്‍ഷകര്‍ സാമ്പത്തിക ഞെരുക്കത്തില്‍. കൊടും ചൂടില്‍ ഉത്പാദനം കുറഞ്ഞതിനു പുറമെയുള്ള വിലതത്തകര്‍ച്ച കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി. നാമമാത്ര, ഇടത്തരം കര്‍ഷകരാണ് വശംകെടുന്നത്. റബ്ബര്‍ ആര്‍എസ്എസ് നാലിന് 140 രൂപയാണ് റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാപാരികള്‍ 135 രൂപയില്‍ താഴെ വിലയ്ക്ക് മാത്രമാണ് വാങ്ങുന്നത്. മാര്‍ച്ച് മാസത്തിലെ ശരാശരി വില 161 രൂപയായിരുന്നു. കുരുമുളകും വിലയിടിവ് നേരിടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 38 രൂപയാണ് കുറഞ്ഞത്. ഗാര്‍ബിള്‍ഡിന് 565 രൂപയും അണ്‍ഗാര്‍ബിള്‍ഡിന് 545 രൂപയുമാണ് മൊത്തവില. വിപണിയിലേക്ക് കൃത്രിമ റബ്ബര്‍ വരുന്നതും ആഗോള തലത്തില്‍ ആവശ്യം കുറഞ്ഞതുമാണ് റബ്ബര്‍ വിലത്തകര്‍ച്ചയ്ക്ക് കാരണം. ആഗോള വിപണിയിലും മാന്ദ്യം. അതേസമയം വിലയിടിവില്‍ നിന്ന് സംസ്ഥാനത്തെ കര്‍ഷകരെ രക്ഷിക്കാന്‍ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതി ഇല്ലാതായ അവസ്ഥയിലാണ്. പദ്ധതി നിലവിലുണ്ടോയെന്ന് പോലും വ്യക്തമല്ല. പദ്ധതിയുണ്ടായിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ലഭിക്കുമായിരുന്നു. ആഭ്യന്തര ഉത്പാദനത്തിനൊപ്പം വിയ്റ്റനാം കുരുമുളക് എത്തിയതാണ് കുരുമുളകിന്റെ വില തകര്‍ച്ചയ്ക്ക് കാരണമായി വ്യാപരികള്‍ പറയുന്നത്. കൊടും വേനലിനെ തുടര്‍ന്ന് മലയോരമേഖലയില്‍ കുരുമുളക് കൃഷിക്ക് വ്യാപകനാശമുണ്ടായി. ചൂടില്‍ കുരുമുളക് ചെടികള്‍ കരിഞ്ഞുണങ്ങി. ഈ സാഹചര്യത്തിലാണ് വിലകുറയാന്‍ തുടങ്ങിയത്. കുരുമുളക് വിദേശ വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യാതെയിരിക്കാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.