ശങ്കര ജയന്തിയാഘോഷം സമാപിച്ചു

Sunday 21 May 2017 5:51 pm IST

 

ശങ്കര ജയന്തി ദിനത്തില്‍ ശ്രീശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന മഹാപരിക്രമ, കാലടി ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നിന്നാരംഭിച്ചപ്പോള്‍ സന്യാസിമാരുടെ മുന്‍നിര

കാലടി: സന്യാസി സമ്മേളനവും മഹാപരിക്രമയും കഴിഞ്ഞ് മുതലക്കടവ് സ്‌നാനത്തോടെ ശങ്കരജയന്തിയാഘോഷങ്ങള്‍ക്ക് സമാപ്തി. ശ്രീശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തിലായിരുന്നു ശങ്കരജയന്തി ആഘോഷങ്ങള്‍. ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ജയന്തി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് പി. ഇ. ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു.

കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ അധ്യക്ഷനായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വി. കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്. ജെ. ആര്‍. കുമാര്‍, കെ. എസ്. ആര്‍. പണിക്കര്‍, കെ. പി. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കാലടി ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മഹാപരിക്രമ വീഥികളെ ശങ്കരനാമത്താല്‍ മുഖരിതമാക്കി. നിരവധി സന്യാസി ശ്രേഷ്ഠന്മാരും ശങ്കരവേഷധാരികളും പഞ്ചവാദ്യം, ഭജന എന്നിവയുടെ അകമ്പടിയോടെ പതിനായിരത്തോളം പേര്‍ കാലടി ടൗണ്‍ ചുറ്റി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദര്‍ശിച്ച് ശൃംഗേരി മുതലക്കടവില്‍ എത്തി.

ആലുവ തന്ത്രവിദ്യാപീഠത്തിലെ വേദപണ്ഡിതരുടെ നേതൃത്വത്തില്‍ നദീപൂജയ്ക്കും ദീപാരാധനക്കും ശേഷം മഹാസ്‌നാനം. കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ ശ്രീശങ്കരാചാര്യസ്വാമികളുടെ സന്യാസജീവിതത്തിന് തുടക്കംകുറിച്ച മുതലക്കടവില്‍ മഹാസ്‌നാനം നടത്തി. മഹാപരിക്രമക്ക് എം. പി. അപ്പു, എസ്. സുനില്‍, പി. കെ. സുരേഷ്ബാബു, രാജേഷ് തിരുവൈരാണിക്കുളം, സജീവ് തുറവുങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.