വേണ്ടത് അഹങ്കാരത്തെക്കുറിച്ചുള്ള ജ്ഞാനം: അമ്മ

Sunday 21 May 2017 5:41 pm IST

തൃശൂരില്‍ ബ്രഹ്മസ്ഥാന മഹോത്സവത്തോത്തിന്റെ രണ്ടാം ദിവസം മാതാ അമൃതാനന്ദമയിയെ ആരതി ഉഴിയുന്ന ഭക്തജനങ്ങള്‍

തൃശൂര്‍: ലോകത്തില്‍ പലര്‍ക്കും ജ്ഞാനത്തെക്കുറിച്ച് അഹങ്കാരമുണ്ടെന്നും എന്നാല്‍, അഹങ്കാരത്തെക്കുറിച്ചു ജ്ഞാനമില്ലെന്നും മാതാ അമൃതാനന്ദമയി. അഹങ്കാരത്തിന്റെ ഫലം ദുഃഖവും ബോധക്കുറവുമാണെങ്കിലും അതില്‍ സുഖം കണ്ടെത്തുന്നവരാണ് സമൂഹത്തില്‍ ഏറെയും, അമ്മ പറഞ്ഞു. തൃശൂരില്‍ ബ്രഹ്മസ്ഥാന മഹോത്സവത്തോത്തിന്റെ രണ്ടാം ദിവസം ഭക്തര്‍ക്കു സന്ദേശം നല്‍കുകയായിരുന്നു അമ്മ.

നമ്മള്‍ മറ്റ് വ്യക്തികളേയോ, വസ്തുക്കളേയോ ആശ്രയിച്ചും ചാരിനിന്നും ശീലിച്ചവരാണ്. ഗര്‍ഭപാത്രത്തില്‍ ശിശു അമ്മയുടെ പൊക്കിള്‍ക്കൊടിയെ ആശ്രയിക്കുന്നു. ജനിക്കുമ്പോള്‍ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് ആശ്രയം. പിന്നീട് കളിപ്പാട്ടങ്ങളെ ആശ്രയിക്കും. ക്രമേണ കാറും കൂട്ടുകാരിയും കൂട്ടുകാരനും ഒക്കെയാകും. ഇങ്ങനെ ജീവിതകാലം മുഴുവന്‍ എന്തിനെയെങ്കിലുമൊക്കെ ചാരിയും ആശ്രയിച്ചും ശീലിച്ചതുകൊണ്ട് ഒരു രൂപത്തിനെയോ പ്രതീകത്തിനെയോ ആശ്രയിക്കാതെ ആത്മീയമായി ഉണരാന്‍ പ്രയാസമാണ്.

ഈശ്വരപ്രേമമാകുന്ന കയറുകൊണ്ട് മനസ്സിനെ കെട്ടിവച്ചാല്‍ ഭൗതിക ജീവിതത്തില്‍ എത്ര പ്രലോഭനങ്ങളും പ്രതിസന്ധികളും വന്നാലും മനസ് തളരാതെ നിലനിര്‍ത്താനാകും. എടുക്കുന്നതിലധികം ലോകത്തിനു കൊടുക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ വളരുന്നത്. നമ്മള്‍ കൊടക്കുന്നതെന്തോ അതുതന്നെയാണ് നമ്മള്‍ക്ക് തിരിച്ചുകിട്ടുന്നത്. എല്ലാവരിലും ഈശ്വരനെ കണ്ട് സ്‌നേഹിക്കുവാനും സേവിക്കുവാനും നമുക്കു കഴിയണം.

യഥാര്‍ത്ഥ കാരുണ്യമുള്ളൊരാള്‍ ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുകയില്ലെന്നും അമ്മ പറഞ്ഞു. ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ ഇന്നലെ കാലത്ത് ഏഴ് മണിക്ക് നടന്ന ശനിദോഷ നിവാരണപൂജയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

അമ്മ നോബല്‍ സമ്മാനത്തിന് അര്‍ഹ: ഡോ. മാര്‍ അപ്രേം

തൃശൂര്‍: ലോകത്തിനായി അമ്മ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച് കല്‍ദായി സുറിയാനി സഭ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം. അമ്മ നോബല്‍ സമ്മാനത്തിന് അര്‍ഹയാണെന്ന് അമ്മക്ക് ഹാരാര്‍പ്പണം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാവിലെ പതിനൊന്നു മണിയോടെ വേദിയിലെത്തിയ അമ്മയെ കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ കല്യാണരാമന്‍, വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി എം.ഡി. മോഹന്‍ദാസ് എന്നിവരും ഹാരമണിയിച്ചു. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.