തൃപ്പൂണിത്തുറ: വീട് തകര്‍ന്നുവീണ് വൃദ്ധയ്ക്ക് പരിക്ക്. തെക്കുംഭാഗം എടമ്പാടത്ത് എടമ്പാടം വീട്ടില്‍ രാധ (75)യ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവിന്റെ കുടുബസ്വത്തായ മൂന്ന് സെന്റില്‍ രാധയും മൂന്ന് പെണ്മക്കളും ഷീറ്റ് വിരിച്ച ചെറിയ കുടിലിലാണ് താമസം. ആടുകളെ വളര്‍ത്തിയാണ് ഉപജീവനം.
ഇവരെ പുനരധിവസിപ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചെങ്കിലും അവര്‍ക്ക് താല്പര്യമില്ല. ആടുകളെ വിട്ട് മാറിത്താമസിക്കാന്‍ തയ്യാറല്ല. പരിസരത്ത് അപരിചിതരുടെ സാന്നിദ്ധ്യമുണ്ടായാല്‍ ആടുകള്‍ കൂട്ടത്തോടെ ബഹളം വയ്ക്കും. മഴക്കാലത്ത് ചോര്‍ന്ന് ഒലിക്കുന്ന ഈ ഷെഡില്‍ തന്നെയാണ് കഴിയുന്നത്.
ഇന്നലെ ഈ ഷെഡ് തകര്‍ന്ന് വീണതോടെ ഇവരെ എങ്ങോട്ട് മാറ്റി പാര്‍പ്പിക്കണം എന്നറിയാതെ വലയുകയാണ് നാട്ടുകാര്‍. മുനിസിപ്പല്‍ ചെയര്‍പേഴ്സനെ അറിയിച്ച് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ വള്ളി മുരളി അറിയിച്ചു. ഇവരുടെ ജീവിത സാഹചര്യം എംഎല്‍എയുടെയും കളക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബിജെപിയും അറിയിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സുബ്രഹ്മണ്യന്, തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഭാരവാഹികള്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: