താഴെ തട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുമായി അടുത്തിടപഴകുന്നില്ലെന്നാണ് വലിയ നേതാവായ എ.കെ.ആന്റണിയുടെ വിമര്‍ശനം. പണ്ട് അങ്ങനെയായിരുന്നില്ലത്രേ. കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളായതിനാല്‍ പ്രവര്ത്തകരില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. അല്ലെങ്കില്‍ തന്നെ താഴെതട്ട് നേതാക്കളെന്നും മേല്‍തട്ട് നേതാക്കളെന്നും ആന്റണിയെപ്പോലൊരു നേതാവ് സംവരണഭാഷ സംസാരിക്കുന്നതു ശരിയാണോ.
ഇടക്കും തലക്കും ഇദ്ദേഹം കേരളത്തില്‍ വന്ന് ചിരിക്കുവക നല്കി തിരിച്ചുപോകുന്നതാണ് പതിവ്. തെരഞ്ഞെടുപ്പുകാലത്താണ് പുള്ളിക്കാരന്റെ പ്രധാന തമാശ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനും അതിനു മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉജ്വല വിജയം നേടുമെന്നാണ് തട്ടിവിട്ടത്. അതേതായാലും ഗംഭീരമായി. കോണ്‍ഗ്രസ് ചത്തുകെട്ടു പോകുന്നതിന്റെ മുന്നോടിയായുള്ള ചരിത്രപരമായ തോല്‍വി സംഭവിച്ചു. മുന്‍പൊരിക്കല്‍ പറഞ്ഞത് നേതാക്കളെല്ലാം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നാണ്. സുഖത്തിന്റെ ആസ്തിമാത്രമുള്ള നേതാക്കള്‍ ഉള്ളാലെ പൊട്ടി പൊട്ടി ചിരിച്ചിട്ടുണ്ടാകും.
ആന്റണി പറയുന്നതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍ നടക്കുന്നത്. അല്ലെങ്കില്‍ ഉള്ളതു പറയാതിരിക്കാന്‍ ഇല്ലാത്തതു പറയുകയാണോ. അങ്ങനേയും ഒരു സന്ദേഹം കോണ്‍ഗ്രസുകാരില്‍ ഇല്ലാതില്ല. എന്തായാലും ഇദ്ദേഹം ജയിക്കുമെന്നു പറഞ്ഞാല്‍ തോല്‍ക്കും. പക്ഷേ തോല്‍ക്കുമെന്നു പറഞ്ഞാല്‍ ജയിക്കില്ല, തോല്‍ക്കും. കോണ്‍ഗ്രസ് ഇനി ശക്തമായി തിരിച്ചു വരുമെന്നും ഇദ്ദേഹം പറയുന്നുണ്ട്. കോണ്‍ഗ്രസ് ഉണ്ടായിട്ടുവേണ്ടേ തിരിച്ചു വരാന്‍. പോയതു പോയതു തന്നെ. ഇനി ഏതുകോണ്ഗ്രസ്. ഉണ്ട പുഴുങ്ങാന്‍ ഇദ്ദേഹം ഇങ്ങോട്ടു വരാതിരുന്നാല്‍ മതി എന്നാണ് സ്വന്തം പാര്ട്ടിക്കാര് തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: