കൈമാറാം കരുതലോടെ

Sunday 21 May 2017 5:31 pm IST

കൈയേറ്റമോ കൈയൂക്കോ അല്ല ഇവിടെ വേണ്ടത്. കൈമാറ്റം ചെയ്യാനുള്ള മനസ്സ്, തീരുമാനം മാത്രം.

നാട്ടിന്‍പുറത്തെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാപ്പടക്കു’ കൊടുക്കല്‍. ഗ്രാമീണര്‍ പശു, ആട് പോലുള്ള വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും അയല്‍ക്കാര്‍ക്കു കൈമാറും. അവര്‍ അവയെ പോറ്റിവളര്‍ത്തി, ആദായം എടുത്ത് കുറച്ചു നാള്‍ കഴിയുമ്പോള്‍ ഉടമസ്ഥനു കൈമാറും. ഉടമകള്‍ കാരുണ്യം കൊണ്ട് ‘നല്ല അയല്‍ക്കാരന്’ പശുക്കുട്ടിയെ സമ്മാനിക്കുകയും ചെയ്യും. ഇത് കച്ചവടമല്ല, ധാരണയാണ്.

ബിസിനസ് മേഖലയില്‍ ഇത് ബോള്‍ട്ട് എന്ന പേരിട്ട് നിര്‍മ്മിച്ച് നടത്തി കൈമാറുന്ന സമ്പ്രദായമായി മാറി, കാരുണ്യത്തിന്റെ അംശം ഇല്ലാതായെന്നു വ്യത്യാസം. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കൈമാറ്റത്തിനു തയ്യാറുണ്ടെങ്കില്‍ കേരളത്തിന് കൈനിറയെ നേട്ടം കൊയ്യാവുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ചിലതിവിടെയുണ്ട്. രാസവള നിര്‍മ്മാണ ശാലയായ ഫാക്ട് അത്തരത്തിലൊന്നാണ്.

എറണാകുളം ഏലൂരിലെ എഫ്എസിടിയുടെ (ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) പഴയകാല പ്രതാപം വലുതാണ്. അതുപറഞ്ഞിരുന്നാല്‍ ഇന്ന് ഒന്നും വിളയില്ല; ക്ഷയിച്ച തറവാടുപോലെയാണ്, കൃഷി നിലച്ച പാടം പോലെ. പക്ഷേ, ഒരു നല്ല തീരുമാനം മതി ഫാക്ട് രക്ഷപ്പെടാന്‍- മോദി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവച്ചിട്ടുള്ള വ്യവസ്ഥകള്‍ സ്വീകരിച്ച് അംഗീകരിച്ച് മുന്നോട്ടു പോകുക.

അതിലൂടെ ഫാക്ടല്ല, എറണാകുളം ജില്ലയല്ല, കേരളമായിരിക്കും രക്ഷപ്പെടുക. ഇത്രമാത്രമേ വേണ്ടൂ- ഫാക്ടിന്റെ പക്കലുള്ള, ശാലയ്ക്ക് ഉപയോഗമില്ലാത്ത, ആവശ്യമില്ലാത്ത ഏക്കര്‍കണക്കിന് ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് കൈമാറുക. പട്ടയമൊന്നും കൊടുക്കണ്ട, വിനിയോഗിക്കാന്‍ കരാറുണ്ടാക്കിയാല്‍മതി. പക്ഷേ, കേള്‍ക്കേണ്ടവര്‍ കേള്‍ക്കണ്ടേ? വാങ്ങി മാത്രം ശീലിച്ചവര്‍ക്ക് മനസിലാകാത്ത യുക്തിയാണത്; കൊടുത്ത് വാങ്ങുക എന്നത്!!

ഇടതു സര്‍ക്കാര്‍ നയം…

ഫാക്ടിനെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാതെ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 600 ഏക്കര്‍ വരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള തന്നെ ഈയടുത്ത് ആരോപിച്ചിരുന്നു. മോദി സര്‍ക്കാര്‍ ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജിനായി 1000 കോടി രൂപയാണ് വായ്പ നല്‍കിയത്. തുക പ്രയോജനപ്പെടുത്തി ഈ വര്‍ഷം 10 ലക്ഷം ടണ്‍ ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മഴക്കുറവ് വിപണന രംഗത്ത് തിരിച്ചടിയുണ്ടാക്കിയതായി തൊഴിലാളികള്‍ പറയുന്നു. മുന്‍ സര്‍ക്കാര്‍ 14.5 % വരുന്ന വാറ്റ് (നികുതി) ഒഴിവാക്കിയിരുന്നു.

പിണറായി സര്‍ക്കാര്‍ ഈ ഇളവുകളും എടുത്തു കളഞ്ഞു. അഞ്ചര മാസത്തെ കണക്ക് പ്രകാരം 30 കോടി രൂപയാണ് ഈയിനത്തില്‍ ഫാക്ട് നല്‍കേണ്ടത്. ഉത്പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്രത്തിന് നല്‍കേണ്ട പലിശ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. കഴിഞ്ഞമാസം കേരളത്തിലെത്തിയ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയയും പൊതുമേഖല സ്ഥാപനങ്ങളെയും, തൊഴിലാളികളെയും സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമാണെന്ന് ആവര്‍ത്തിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍ നിന്നും പദ്ധതികളുണ്ടായാല്‍ കേന്ദ്രം ഫണ്ടുകള്‍ അവയ്ക്ക് പിന്തുണയേകുമെന്ന കാര്യത്തില്‍ ഫാക്ട് അധികൃതര്‍ക്കും സംശയമില്ല. പക്ഷേ…

ഇന്ത്യയിലെ ആദ്യ വളംനിര്‍മ്മാണശാലയാണ് 1914ല്‍ പെരിയാറിന്റെ തീരത്ത് പിറവിയെടുത്തത്. ഈ സ്ഥാപനമാണ് വിറക് ഇന്ധനമായി ഉപയോഗിച്ച് ലോകത്തുതന്നെ ആദ്യമായി അമോണിയം നിര്‍മിച്ച ഫാക്ടറിയും. 1947 ഉത്പാദനം ആരംഭിച്ച്, 1960ല്‍ പൊതുമേഖല സ്ഥാപനമായി മാറിയ ഫാക്ട് ഇന്ന് നിരവധി പ്രതിസന്ധികളിലാണ്.

75 വര്‍ഷം മുമ്പ്…

രണ്ടാം ലോകയുദ്ധശേഷം ഭക്ഷ്യക്ഷാമം നേരിടാന്‍ കാര്‍ഷിക ഉത്പാദനം കൂട്ടാനുള്ള ഉപാധിയായാണ് രാസവളം വന്നത്. 1943ല്‍ ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ ബംഗാളിലെ ഭക്ഷ്യ ക്ഷാമവും ഇത്തരമൊരു ചിന്തയ്ക്ക് പ്രേരണയായി. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുമതിയോടെ വിഭാവനം ചെയ്ത സ്ഥാപനമാണ് ഫാക്ട്. മദ്രാസില്‍ നിന്നുള്ള ശേഷസായി സഹോദരമാരുടെ സഹകരണത്തിലാണ് സ്ഥാപനം ആരംഭിച്ചത്.

രാസവളത്തെപ്പറ്റി പരിചയമില്ലാതിരുന്ന അക്കാലത്തെ ജനങ്ങള്‍ ആദ്യഘട്ടങ്ങളില്‍ സംരംഭവുമായി സഹകരിച്ചില്ല. രാസവളത്തിന്റെ ഉപയോഗത്താല്‍ മണ്ണിലെ മൂലകങ്ങള്‍ നശിക്കുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍. പിന്നീട് 1959ല്‍ ഫാക്ടിന്റെ എംഡിയായ എം.കെ.കെ. നായരുടെ ദീര്‍ഘവീക്ഷണമാണ് കമ്പനിക്ക് കുതിപ്പേകിയത്. 1944ല്‍ മൂന്ന് കോടി രൂപ മൂലധനത്തില്‍ പടുത്തുയര്‍ത്തിയ ഫാക്ട് കോടികളുടെ ബാധ്യതയിലേക്ക് കൂപ്പുകുത്തുന്നതിന് മുമ്പ് വരെ അതൊരു സ്വപ്‌ന സാമ്ര്യാജ്യമായിരുന്നു. അന്ന്, രാജ്യത്തെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരം തേടി തുടങ്ങിയ സ്ഥാപനം പതിനായിരങ്ങള്‍ക്ക് ജോലി നല്‍കുന്ന ബൃഹദ് സംരംഭമായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല.

ഫാക്ടില്‍ ഉത്പാദിപ്പിക്കുന്ന രാസവളങ്ങളായ അമോണിയം സള്‍ഫേറ്റും യൂറിയയും ഫാക്ടംഫോസ് 20 : 20 ഉം കര്‍ഷകരുടെ ആത്മമിത്രമായി മാറിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധികള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചതും സാധാരണക്കാരായ കര്‍ഷകരെയാണ്.

തളര്‍ന്ന വഴികള്‍

പൊതുമേഖലയും പൊതു ആസ്തികളുമെല്ലാം ‘വ്യാപാരമൂല്യ’ മുള്ളവയാണെന്നു കണ്ടെത്തിയ 1990കളോടെയാണ് ഫാക്ടിന്റെ തകര്‍ച്ചതുടങ്ങുന്നത്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ രാസവള നയമാണ് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. 1991 മുതലാണ് ഫാക്ടിന്റെ യഥാര്‍ഥ പ്രതിസന്ധി ആരംഭിച്ചു. പുതു സാമ്പത്തികനയത്തിന്റെ പശ്ചാത്തലത്തില്‍ അമോണിയം സള്‍ഫേറ്റ്, ഫാക്ടംഫോസ് എന്നിവയുടെ വില നിയന്ത്രണം അന്നത്തെ സര്‍ക്കാര്‍ നീക്കി.

ഫാക്ടിന്റെ ശനിദശ ആരംഭിക്കുന്നത് വികലമായ രാസവള നയത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും ഇതിനോട് അടുപ്പിച്ച് നിരവധി പ്രശ്‌നങ്ങള്‍ സ്ഥാപനം അഭിമുഖീകരിക്കേണ്ടി വന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള ഫാക്ടിന്റെ വളം പോലും വേണ്ടത്ര വില്‍ക്കാന്‍ കഴിയാതായി.

രാസവള നിര്‍മാണത്തിനു വേണ്ട അമോണിയ സംഭരിക്കാന്‍ ഫാക്ടിന് കൊച്ചി തുറമുഖത്തുണ്ടായിരുന്ന സംഭരണിക്കെതിരെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നതും ഇക്കാലത്തായിരുന്നു. ചിലര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. ടാങ്ക് പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവ് ഇട്ടു. വാദവും എതിര്‍വാദവും ഹര്‍ജിയുമൊക്കെയായി നീണ്ടു. ഒടുവില്‍ അമോണിയ സംഭരണിക്ക് പകരം അമോണിയ പ്ലാന്റ് പണിയാമെന്ന ധാരണയില്‍, ടാങ്ക് പൊളിച്ചു നീക്കേണ്ടതില്ലെന്ന് 2004ല്‍ കോടതി വിധിയുണ്ടായി. അപ്പോഴേക്കും ഫാക്ട് ഏറെ ക്ഷീണിച്ചിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കേണ്ടതില്ലെന്ന 1991ലെ കേന്ദ്ര സര്‍ക്കാരിന്റെ നയം കാരണം അമോണിയ പ്ലാന്റിന് വേണ്ടി മുതല്‍ മുടക്കാന്‍ കേന്ദ്രം തയ്യാറായില്ല. 1993 ല്‍ അമോണിയം പ്ലാന്റിന് 15 % പലിശ പ്രകാരം ജപ്പാന്റെ 440 കോടി വായ്പ നേടി. ഇത് കനത്ത അധിക ബാധ്യതയായി. കാപ്രോലാക്ടത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഇടിയാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കാപ്രോലാക്ടം പ്ലാന്റ് പ്രതിസന്ധിയിലായി. കുറഞ്ഞ വിലയില്‍ ഇറക്കുമതി കൂടി. ഓഹരി വിറ്റഴിക്കല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഫാക്ടിനെ സ്വകാര്യവത്കരിക്കാന്‍ നിര്‍ദ്ദേശിച്ചു. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നിര്‍ദ്ദേശം മാത്രമായിരുന്നു അത്.

അമോണിയം പ്ലാന്റില്‍ 2013 മുതല്‍ നാഫ്തയ്ക്ക് പകരം എല്‍പിജി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്ലാന്റ് ലാഭത്തിന്റെ പടിക്കല്‍ പിന്നിടാന്‍ തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എല്‍.എന്‍.ജി.യുടെ വില കുറഞ്ഞതും പ്രവര്‍ത്തനത്തിന് സഹായകരമായി. ഇന്ന് ഫാക്ടില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്ലാന്റും ഇതാണ്.

നിലവില്‍ ഉത്പാദന ചെലവിന് അനുസൃതമായി ലാഭം കിട്ടാതായി. പൊതുമേഖല സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കേണ്ടതില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍നിന്ന് സഹായം വന്‍ പലിശയുള്ള വായ്പ മാത്രമായി. അങ്ങനെ കടത്തിന്റെ കയത്തിലേക്ക് ഫാക്ട് മുങ്ങി. 2006 ല്‍ കേന്ദ്രം ഫാക്ടിന് നല്‍കിയ വായ്പാ കുടിശിക എഴുതി തള്ളിയെങ്കിലും അതൊന്നും ഗുണം ചെയ്തില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. 2007-2008 കാലയളവില്‍ പ്രവര്‍ത്തന മൂലധനമില്ലാത്തത്തിനെ തുടര്‍ന്ന് ഏഴ് മാസത്തോളം പ്ലാന്റ് അടച്ചിടേണ്ടിയും വന്നു.

അതിനിടെ കേന്ദ്രത്തില്‍ വാജ്‌പേയി നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നു. ഫാക്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തു. ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ തുറന്നു, പദ്ധതികള്‍ മുന്നോട്ടുവച്ചു. നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഫാക്ടിനെ കറവപ്പശുവാക്കി കഴിയുന്ന ചില ഉദ്യോഗസ്ഥരും യൂണിയന്‍ നേതാക്കളും രക്ഷപ്പെടാനുള്ള പദ്ധതികള്‍ അട്ടിമറിച്ചുവെന്നാണ് ആരോപണങ്ങള്‍. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരും വിവിധ പദ്ധതികളും നിര്‍ദ്ദേശങ്ങളും പറയുന്നു. എന്തുകൊണ്ട് അവ സ്വീകരിക്കപ്പെടുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. എന്താണ് തടസം? ആരാണ് തടസം? എന്തുകൊണ്ടാണ് തടസം?

ഇത്രയും കൂടിപ്പറയാം: പെരുവഴിയിലൂടെയുള്ള അവസാനവണ്ടി അഭ്യര്‍ഥിക്കാതെതന്നെ നിര്‍ത്തി, വിളിച്ചു കയറ്റാന്‍ ശ്രമിക്കുമ്പോള്‍ പുറം തിരിഞ്ഞുനിന്നാല്‍ ഒരു ഗതികേടുണ്ടാകും:- മറ്റൊരു പുലരിവരെ പെരുവഴിയില്‍ കിടക്കേണ്ടിവരും. പെരുവഴിയമ്പലങ്ങളെല്ലാം തല്ലിപ്പൊളിക്കുകയും എങ്ങും ഭാര്‍ഗ്ഗവീ നിലയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതുകൂടി ഓര്‍മ്മിക്കാം- ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുമുമ്പ്, സര്‍ സി.പി. രാമസ്വാമി അയ്യര്‍ സ്ഥാപിച്ച ഫാക്ട് പോലെ ഒരു പൊതുമേഖലാ സ്ഥാപനം കേരളത്തില്‍ ആരും ഇക്കാലത്തിനിടെ ഉണ്ടാക്കിയിട്ടില്ല. നമ്മുടെ തൊഴിലിതാണ്, രാജഭരണത്തെ പുച്ഛിക്കുക, ആക്ഷേപിക്കുക; ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍, ജനങ്ങളുടെ എന്നെല്ലാം ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുക.

നിലവിലെ സ്ഥിതി

ഏലൂര്‍ ഡിവിഷന്‍ – 670 ഏക്കര്‍
കൊച്ചി ഡിവിഷന്‍ – 1572 ഏക്കര്‍
തൊഴിലാളികള്‍ – 2150
ആകെ മൂലധന നിക്ഷേപം – 674 കോടി
2008-10 കാലഘട്ടത്തില്‍ പ്ലാന്‍ ഫണ്ടായി 282 കോടി രൂപ ഫാക്ടിന് നല്‍കിയിരുന്നു. എന്നാല്‍ ആ തുക ഇനിയും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ തുകയ്ക്ക് പുറമേ 265 കോടി രൂപ പിഴ പലിശയായും നല്‍കേണ്ടതുണ്ട്. ഇതിന് പുറമേ എല്ലാ വര്‍ഷവും ഉല്‍പ്പാദനത്തിനായി 180 മുതല്‍ 200 കോടി രൂപ വരെയാണ് ബാങ്കില്‍ നിന്നും വായ്പയായി എടുക്കുന്നത്.

വേണ്ടത് പലിശ രഹിത പാക്കേജ്

ആയിരം കോടി രൂപയുടെ പലിശ രഹിത പാക്കേജാണ് ഫാക്ടിന്റെ പുനരുദ്ധാരണത്തിനായി വേണ്ടതെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം. പലിശ ഒഴിവാക്കി തിരിച്ചടവ് പല ഗഡുക്കളായി നല്‍കാനുള്ള നടപടിയുമുണ്ടാവണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.