ന വാഞ്ചതി ന ശോചതി

Tuesday 2 May 2017 7:46 pm IST

''യത് പ്രാപ്യ ന കിഞ്ചിത് വാഞ്ചതി നശോചതി ന ദ്വേഷ്ടി നരമതേ നോല്‍സാഹീ ഭവതി'' അതു കിട്ടിയാല്‍ പിന്നെ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല. ദുഃഖങ്ങളില്ല. ആരോടും ദ്വേഷ്യമില്ല. ഒന്നിലും പ്രത്യേകിച്ച് താല്‍പര്യവുമില്ല. ഒന്നിലും ഒരാവേശവുമില്ല. മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുക്കള്‍ നമ്മുടെയുള്ളില്‍ത്തന്നെയാണുള്ളത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ഷഡ്‌വൈരികളെ ഒതുക്കാന്‍ കഴിഞ്ഞാല്‍ അവന് എല്ലാത്തിനേം ജയിക്കാനാവും. ആ ശത്രുക്കളെ ജയിക്കാനുള്ള മാര്‍ഗം ശരിയായ ഭക്തിയെ നേടുക എന്നതുതന്നെയാണ്. ശാസ്താവിന്റെ ഒരു ധ്യാനശ്ലോകം ഇത്തരണുത്തില്‍ ഓര്‍മവരുന്നു. ''ആരൂഢപ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം നീലംചേലംവസാനം കരതലവിലസത് ചാരുകോദണ്ഡദണ്ഡം രാഗദ്വേഷാദി നാനാവിധ മൃഗപടലീ ഭീതികൃത് ഭൂതഭര്‍ത്താ കുര്‍വന്നാളഖേടലീലാം പരിലസതുമനഃ കാനനേ മാമകീനേ'' ഹേ, ധര്‍മശാസ്താവേ, ഏറ്റവും വേഗതയാര്‍ന്ന മഹാശ്വത്തിനുമീതെയിരുന്ന് അങ്ങയുടെ ഉജ്വല വില്ലും അമ്പുകളും ഉപയോഗിച്ച് എന്റെ മനസ്സാകുന്ന കാനനത്തില്‍ വേട്ടയാടി രാഗം, ദ്വേഷം തുടങ്ങിയ വിവിധ മൃഗങ്ങളെ ഇല്ലാതാക്കിയാലും. ഇത്തരത്തിലുള്ള ഭക്തിനേടിയാല്‍ പൂര്‍ണാനന്ദം അനുഭവപ്പെടും. മറ്റുള്ളവര്‍ സുഖമെന്നു കരുതുന്ന ലൗകികാനുഭവങ്ങളല്ല ഇവര്‍ക്ക് സന്തോഷം. ബലിയുടെ അനുഭവത്തില്‍ നിന്നും നമുക്കത് കാണാം. ''വേണ്ടാ വേറൊരു മോക്ഷം മേ വേണ്ടാ പരമൊരു സ്വര്‍ഗം മേ'' എന്ന അവസ്ഥയില്‍ അവര്‍ ആനന്ദത്തിലാറാടുന്നു. എല്ലാത്തിലും ഭഗവാനെ കാണുന്നവര്‍ക്ക് ഒന്നിനോടും അറപ്പും വെറുപ്പും പുച്ഛവും ശത്രുതയുമില്ല. അശുദ്ധിയും ശുദ്ധിയും തമ്മില്‍ അവര്‍ക്ക് വേര്‍പിരിവില്ല. നാറാണത്തുഭ്രാന്തന്‍ ഒരിക്കല്‍ മധുപാനം ചെയ്തതുകണ്ട് ശിഷ്യന്‍ ആസക്തിയോടെ മദ്യം പാനം ചെയ്തു. എന്നാല്‍ അടുത്തദിവസം ഉരുക്കിവച്ചിരിക്കുന്ന ഓട് ആ ചൂടോടെ എടുത്തു കുടിച്ചപ്പോള്‍ ശിഷ്യന്‍ കണ്ണും തള്ളിയിരുന്നു. ഒരേ മനസ്സോടെ കാണാന്‍ പാകത്തിന് ശിഷ്യന്‍ വളര്‍ന്നിട്ടില്ലല്ലോ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.