കുടിവെളളമില്ല: പാനൂരിലെ ജനങ്ങള്‍ ദുരിതത്തില്‍

Tuesday 2 May 2017 8:54 pm IST

പാനൂര്‍: വേനല്‍ കനത്തതോടെ പാനൂര്‍ മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷമായി. ഇതിനാല്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിലാണ് വെളളമെത്തിക്കുന്നത്. ഇതിനു തുകയും ഈടാക്കുന്നുണ്ട്. ജലവിതരണ വകുപ്പിന്റെ വെളളം പാത്തിപ്പാലം പുഴ വറ്റിയതോടെ നിലച്ച മട്ടാണ്. കിഴക്കന്‍ പ്രദേശമായ പൊയിലൂര്‍, കുന്നോത്ത്പറമ്പ്്, തൂവ്വക്കുന്ന്് ഭാഗങ്ങളില്‍ കുടിവെളളമില്ലാതെ ജനം വലയുകയാണ്. ശ്രീമുത്തപ്പന്‍ സേവാസമിതി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആശ്വാസമായി സൗജന്യ കുടിവെളളവിതരണം നടത്തി വരുകയാണ്. മുത്താറിപ്പീടിക ഭാഗങ്ങളില്‍ കെ.ടി.ജയകൃഷ്ണന്‍ സേവാസമിതി പ്രവര്‍ത്തകരും വെളളം വിതരണം ചെയ്തു വരുന്നുണ്ട്. ഇങ്ങിനെ പല സന്നദ്ധ സംഘടനകളും ജലവിതരണം നടത്തി വരികയാണ്. വയല്‍ പ്രദേശങ്ങളില്‍ പോലും വെളളം നന്നേ താഴ്ന്ന നിലയിലാണ്. വയലുകള്‍ നികത്തിയതും കുന്നുകള്‍ ഇടിച്ചുനിരത്തിയതും കുഴല്‍കിണര്‍ നിര്‍മ്മാണവും കാരണം ഭൂഗര്‍ഭജലം വറ്റിയ നിലയിലാണ്. ഇതിനാല്‍ വലിയ ജലക്ഷാമത്തിലേക്കാണ് പാനൂര്‍ മേഖല നീങ്ങുന്നത്. കുടിവെള്ളം ആവശ്യത്തിന് ലഭിക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട നടപടികള്‍ ഉടന്‍തന്നെ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.