ഖജനാവില്‍ നിന്ന് പണം മുടക്കി പത്രപ്പരസ്യം എന്തിനെന്ന് കോടതി

Tuesday 2 May 2017 9:48 pm IST

തിരുവനന്തപുരം: പൊതുഖജനാവില്‍ നിന്ന് പണം മുടക്കി ജിഷ്ണു പ്രണോയ് കേസില്‍ പത്രപ്പരസ്യം സര്‍ക്കാര്‍ നല്‍കിയതെന്തിനെന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി. പ്രത്യേകിച്ചും മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ശേഷിക്കെ ഇത്തരത്തില്‍ പത്രപ്പരസ്യം നല്‍കിയത് നിയമപരമായി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ജിഷ്ണുവിന്റെ മരണവും തുടര്‍ന്ന് അമ്മ മഹിജ നടത്തിയ സമരവും വിവാദമായപ്പോള്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഖജനാവിന് നഷ്ടം വരുത്തിയെന്നും അഴിമതിയും നിയമലംഘനവുമാണെന്നും ചൂണ്ടിക്കാട്ടി പായ്ച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ വിശദീകരണവും പരസ്യം പ്രസിദ്ധീകരിക്കുന്നതിനുള്ള പിആര്‍ഡി മാനദണ്ഡങ്ങളും റൂള്‍സ് ആന്റ് റെഗുലേഷന്‍സും കോടതിയില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഇന്നലെ സമര്‍പ്പിച്ചു. ആദ്യം പരസ്യം നല്‍കാനുള്ള സര്‍ക്കുലര്‍ മാത്രമാണ് സമര്‍പ്പിച്ചത്. ഇതില്‍ വ്യക്തതയില്ലെന്നും അരമണിക്കൂര്‍ കഴിയുമ്പോള്‍ പിആര്‍ഡി മാനദണ്ഡങ്ങളുടെ യഥാര്‍ഥ പകര്‍പ്പ് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കൈവശമുണ്ടായിരുന്ന പകര്‍പ്പ് ഹാജരാക്കി. അത് പരിശോധിച്ച കോടതി ആരുടെ പണമാണ് ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നതെന്ന് ചോദിച്ചു. എല്ലാ ക്രിമിനല്‍ കേസുകളിലും ഇത്തരം പരസ്യം നല്‍കുമോ ? കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന സര്‍ക്കുലറുകളും സുപ്രീംകോടതി വിധികളും സംസ്ഥാനസര്‍ക്കാരിനും പിആര്‍ഡിക്കും ബാധകമല്ലേയെന്നും കോടതി ചോദിച്ചു. കേസ് വീണ്ടും മെയ് 12 ന് പരിഗണിക്കുമെന്ന് ജഡ്ജ് എ. ബദറുദ്ദീന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.