കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിനും തുള്ളല്‍ കലാകാരന്മാര്‍ രണ്ടാംതരം

Tuesday 2 May 2017 10:32 pm IST

ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിനും തുള്ളല്‍ കലാകാരന്മാര്‍ രണ്ടാംതരം കലാകാരന്മാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിക്ക് സംസ്ഥാനത്ത് എത്ര തുള്ളല്‍ കലാകാരന്‍മാര്‍ ഉണ്ടെന്നുപോലും അറിയില്ല. പ്രായാധിക്യവും മറ്റും മൂലം അവശത അനുഭവിക്കുന്ന കലാകാരന്‍മാരെക്കുറിച്ചും യാതൊരു എത്തും പിടിയും ഇല്ലെന്ന് ചെയര്‍മാന്‍ ഡോ. പള്ളിപ്പുറം മുരളി തുറന്നു സമ്മതിക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ സെമിനാറുകളും ആഘോഷങ്ങളും നല്‍കുക, അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതിയുടെ പ്രവര്‍ത്തനം. 50 വയസ് പ്രായമാകുന്ന സമിതിക്കാണ് ഈ ദുരവസ്ഥ. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് തുള്ളല്‍ കലയെ വളര്‍ത്താന്‍ ബാദ്ധ്യതപ്പെട്ടവര്‍ പറയുന്നത്. മുന്നണികള്‍ തങ്ങള്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാനുള്ള ഇടങ്ങളിലൊന്നായി അഴിമതിക്കും അവഗണനയ്ക്കും എതിരെ കലയെ ആയുധമാക്കിയ കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള സ്മാരക സമിതിയെയും അധഃപതിപ്പിച്ചു. ഇത്തവണ കുഞ്ചന്‍ ദിനാഘോഷത്തിന്റെ ഭാഗമായി പതിവു പോലെ മികച്ച ഓട്ടന്‍തുള്ളല്‍ കലാകാരന് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌ക്കാരവും, കൂടാതെ മറ്റു കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഹാസ്യപ്രതിഭാ പുരസ്‌ക്കാരവും നല്‍കുന്നുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച നോട്ടീസില്‍ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ കലാമണ്ഡലം വാസുദേവന്റെ ഒഴികെ മന്ത്രി ജി. സുധാകരന്റെയും ഹാസ്യപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായ ജയരാജ് വാര്യരുടെയും അടക്കമുള്ളവരുടെ ചിത്രങ്ങളുണ്ട്. കുഞ്ചന്റെ പേരിലുള്ള പ്രധാന പുരസ്‌ക്കാര ജേതാവായ തുള്ളല്‍ കലാകാരന്റെ ചിത്രം നോട്ടീസില്‍ ഇല്ലാത്തത് മറന്നുപോയതിനാലാണെന്നാണ് അധികൃതരുടെ മറുപടി. പാരമ്പര്യ കലാരൂപങ്ങളെ പ്രത്യേകിച്ച് തുള്ളല്‍കലയെ പ്രോത്സാഹിപ്പിക്കാന്‍ ബാദ്ധ്യസ്ഥരായ സര്‍ക്കാര്‍ സമിതിയുടെ ഇത്തരത്തിലുള്ള അവഗണനയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാരിക്കേച്ചര്‍ ഷോ അടക്കമുള്ളവയക്ക് നല്‍കുന്നതിന്റെ പകുതിയെങ്കിലും പ്രാധാന്യം തുള്ളല്‍ കലയ്ക്കും കലാകാരന്‍മാര്‍ക്കും നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. ഈ മാസം 4, 5 തീയതികളില്‍ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലാണ് കുഞ്ചന്‍ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത്. നാലിന് വൈകിട്ട് അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനം ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പനും, അഞ്ചിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനവും പുരസ്‌ക്കാരദാനവും മന്ത്രി ജി. സുധാകരനും ഉദ്ഘാടനം ചെയ്യും. കവിസമ്മേളനം, കാരിക്കേച്ചര്‍ ഷോ, നാടകം, തുള്ളല്‍ കലാകാര സംഗമം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.