അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായി എരുമേലി ഡിപ്പോയില്‍ വിശ്രമകേന്ദ്രമില്ല

Tuesday 2 May 2017 10:33 pm IST

എരുമേലി: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കപ്പെട്ട ആദ്യത്തെ സംരംഭമെന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ഇന്ന് പരാധീനതകളുടെ നടുവിലാണ്. ബസിലും, കടകളിലും, കട തിണ്ണകളിലും വാടക റൂമുകളിലുമായി വിശ്രമിക്കുകയും, കിടന്നുറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാര്‍. 37 ബസുകളും,31 സര്‍വ്വീസുകളും, 200 ജീവനക്കാരുമായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് വിശ്രമകേന്ദ്രമില്ല.വെള്ളമില്ലാത്ത ശൗചാലയം യാത്രക്കാര്‍ക്കെന്ന പോലെ ജീവനക്കാര്‍ക്കും ഒരു സ്മാരകമായി കഴിഞ്ഞു. ഡിപ്പോയുടെ ഓഫീസ് കെട്ടിടത്തിനു മുകളില്‍ ജീവനക്കാര്‍ക്ക് വിശ്രമകേന്ദ്രം നിര്‍മ്മിച്ച് നല്‍കാമെന്നസ്ഥലംഎംഎല്‍എയുടെയും ജില്ലാപഞ്ചായത്ത് അധികൃതരുടെയും വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി.തീര്‍ത്ഥാടന അവലോകന യോഗങ്ങളിലെല്ലാം ഉന്നയിക്കുന്ന ജീവനക്കാരുടെ ഈ ആവശ്യത്തെ ജനപ്രതിനിധികള്‍ കേള്‍ക്കുമെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായില്ല. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് പാട്ടത്തിന് നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ച ഡിപ്പോയില്‍ പരാതികളും വിവാദങ്ങളും തുടര്‍ക്കഥയാണെങ്കിലും സര്‍വ്വീസുകളുടെ കാര്യത്തില്‍ റിക്കാര്‍ഡ് കളക്ഷന്‍ ലഭിക്കുന്ന ഡിപ്പോയാണിത്.ശബരിമല തീര്‍ത്ഥാടന വേളയില്‍ നൂറുകണക്കിനു ജീവനക്കാരാണ് ഇതിനു പുറമേ വന്നുപോകുന്നത്. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാതെ നട്ടംതിരിയുന്ന എരുമേലി ഡിപ്പോ സര്‍ക്കാരിനു തന്നെ നാണക്കേടാണുണ്ടാക്കുന്നത്.റോഡരികിലും ദേവസ്വം ഗ്രൗണ്ടിലുമായി ബസുകള്‍ കയറ്റിയിടുകയാണ് ജീവനക്കാര്‍. എരുമേലി ഡിപ്പോക്ക് കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബന്ധപ്പെട്ടവര്‍ തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. എരുമേലി പഞ്ചായത്തില്‍ കിടക്കുന്ന നൂറുകണക്കിനു ഏക്കര്‍ മിച്ചഭൂമി /സര്‍ക്കാര്‍/ പഞ്ചായത്ത് വക ഭൂമികള്‍ പിടിച്ചെടുത്ത് എരുമേലി ഡിപ്പോയുടെ വികസനത്തിന് വിനിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.