സിപിഐ ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു; സ്വരലയ ഓഫീസ് സിപിഐക്കാരും

Tuesday 2 May 2017 10:41 pm IST

കുണ്ടറ: സിപിഎമ്മിലെ അസംതൃപ്തരെ റാഞ്ചാന്‍ സിപിഐ പദ്ധതി തയ്യാറാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ മുഖത്തലയിലെ സിപിഎം-സിപിഐ സംഘര്‍ഷം രൂക്ഷമാകുന്നു. സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് തൊഴിലാളിദിനത്തലേന്ന് രാത്രി സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. ഇതിന് പ്രതികാരമായി സിപിഎം നേതൃത്വം നല്‍കുന്ന മുഖത്തല ജങ്ഷനിലെ സ്വരലയ സാംസ്‌കാരിക സമിതി കെട്ടിടം സിപിഐക്കാര്‍ തല്ലിതകര്‍ത്തു. പനക്കാലം, വാമനംകാവിന് മുന്നില്‍വെച്ച് വൈകിട്ട് 7.30 ന് സിപിഎം കുറുമന്ന വാര്‍ഡ് മെമ്പര്‍ സതീഷ്‌കുമാറിനെ സിപിഐക്കാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സിപിഎം അക്രമം തുടങ്ങുന്നത്. സിപിഎമ്മുകാര്‍ മുഖത്തല മുരാരി ക്ഷേത്രത്തിന് സമീപമുള്ള സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസും മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫീസ് അക്രമിച്ചതറിഞ്ഞ് എത്തിയ സിപിഐക്കാര്‍ സിപിഎം നേതൃത്വം നല്‍കുന്ന സ്വരലയ സാംസ്‌കാരിക സമിതി ഓഫീസ് പിന്നീട് അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പോര്‍വിളി നടത്തിയ ഇരുകൂട്ടരും പഞ്ചായത്തില്‍ ഉടനീളം അക്രമം നടത്തി. ഒരാഴ്ചയായി മുഖത്തലയില്‍ എഐവൈഎഫിന്റെ ജില്ലാ സമ്മേളനം നടക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐപ്രകോപനം സൃഷ്ടിച്ചിരുന്നു. സമ്മേളനസ്ഥലത്തും പരിസരങ്ങളിലും എഐവൈഎഫ് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചുവരെഴുത്തുകള്‍ അലങ്കോലമാക്കുകയും ചെയ്തത് സംഘര്‍ഷത്തിന് കാരണമായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സമ്മേളനം എംഎല്‍എ മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തതിനുശേഷമാണ് അക്രമങ്ങള്‍ അരങ്ങേറിയത്. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ് അക്രമത്തെ തുടര്‍ന്ന് സിപിഐ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. മേയ് ദിനത്തില്‍ ഹര്‍ത്താലും പ്രതിഷേധ യോഗം സംഘടിപ്പിച്ചത് വിവാദമായിട്ടുണ്ട്. ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.