മെട്രോ: പരിശോധന ഇന്നുമുതല്‍

Tuesday 2 May 2017 10:53 pm IST

കളമശേരി: കൊച്ചി മെട്രോ ട്രെയിനിന്റെയും പാതകളുടെയും അവസാന ഘട്ട പരിശോധന കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയുടെ (സിഎംആര്‍എസ്) നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കും. 13 കിലോമീറ്റര്‍ നീളത്തിലുള്ള ആലുവ പാലാരിവട്ടം മെട്രോ പാതയാണ് പരിശോധിക്കുന്നത്. സിഎംആര്‍എസ് കമ്മീഷണര്‍ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള ത്രിദിന പരിശോധന സംഘത്തില്‍ ട്രാക്ഷന്റെയും ഇലക്ട്രിക്കലിന്റെയും രണ്ട് ഡെപ്യൂട്ടി ഓഫീസര്‍മാരും പങ്കെടുക്കും. ഇന്ന് ആലുവ-മുട്ടം, രണ്ടാം ദിനത്തില്‍ മുട്ടം-ഇടപ്പള്ളി, മൂന്നാം ദിനത്തില്‍ ഇടപ്പള്ളി-പാലാരിവട്ടം എന്നിങ്ങനെയാണ് പരിശോധന. മുട്ടം യാര്‍ഡിന്റെ പ്രവര്‍ത്തന മികവും സംഘം വിലയിരുത്തും. പൂര്‍ണ്ണ സജ്ജമാണോയെന്ന് വിലയിരുത്താനായി ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്ററും പരിശോധിക്കും. ബാംഗ്ലൂര്‍ കേന്ദ്രമായുള്ള സിഎംആര്‍എസ് നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മെയ് അവസാനത്തോടെ ഉദ്ഘാടനം നടത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തീയതി നിശ്ചയിക്കാനുള്ള കത്ത് ദല്‍ഹിയിലേക്ക് അയച്ചതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. സിഎംആര്‍എസ് അനുവാദം നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം മെട്രോ യാത്ര ആരംഭിക്കും. മെട്രോ യാര്‍ഡിലേയും സറ്റേഷനുകളിലേയും സജ്ജീകരണങ്ങളും സൗകര്യങ്ങളും അവസാന മിനുക്കുപണിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.