സൈനികരുടെ ചോര പാഴാക്കരുത്

Thursday 4 May 2017 10:51 am IST

ഏതു തരത്തില്‍ നോക്കിയാലും ഇന്ത്യയോട് നേരിടാനുള്ള ശക്തിയോ സാമര്‍ത്ഥ്യമോ പാക്കിസ്ഥാനില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ അവരെ ബോധ്യപ്പെടുത്തിയതാണിത്. നേരിട്ട് മുട്ടാന്‍ കെല്‍പ്പില്ലാത്തവര്‍ ഒളിഞ്ഞിരുന്ന് കല്ലെറിയുകയും പിന്നില്‍നിന്ന് കുത്താറുമുണ്ട്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഈ കുരുത്തംകെട്ട പണിക്കിടയില്‍ ഇന്ത്യന്‍ സൈനികരുടെ രക്തം വീഴുകയാണ്. ഭൂമിയില്‍ പതിക്കുന്ന അവരുടെ ഒരുതുള്ളിചോരപോലും പാഴായിക്കൂടാ. ഒന്നിന് പത്ത്, പത്തിന് നൂറ് എന്ന കണക്കില്‍ മറുപടി നല്‍കാന്‍ നമ്മുടെ സൈന്യത്തിന് കരുത്തുണ്ട്. പത്താന്‍കോട്ട്, ഉറി സംഭവങ്ങള്‍ക്ക് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്റെ കരണക്കുറ്റിക്കേറ്റ പ്രഹരമാണ്. അതിന്റെ ജാള്യത മറക്കാനുള്ള പേക്കൂത്തുകള്‍ തുടരുകയാണ്. അതില്‍ ഏറ്റവും നികൃഷ്ടമായ നടപടിയാണ് ഈമാസം ഒന്നിന് പുലര്‍ച്ചെ ജമ്മുകശ്മീരിലെ പൂഞ്ച് കൃഷ്ണ ഘാട്ടി മേഖലയില്‍ നടത്തിയത്. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്തുകൊന്ന് മൃതദേഹം വികൃതമാക്കുകയായിരുന്നു. ഈ നടപടി ഭീരുത്വം നിറഞ്ഞതും മനുഷ്യത്വരഹിതവുമാണെന്ന് പരക്കെ വിലയിരുത്തുന്നു. മെയ് ഒന്നിന് പാക്ക് അധിനിവേശ കശ്മീരിലെ ഭട്ടല്‍ മേഖലയില്‍നിന്നു പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ (ബിഎറ്റി) സേനാംഗങ്ങളാണ് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്തത്. പാക്ക് സൈന്യത്തിന്റെ സഹായത്തോടെയാണിത്. സംഭവസ്ഥലത്തിന് അടുത്ത് ബിഎറ്റി പരിശീലന ക്യാമ്പ് നടക്കുന്നുമുണ്ട്. അതിര്‍ത്തി ലംഘിച്ച് 250 മീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഈ ഭീകരത. സമീപത്തെ നാല് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്ത് ശ്രദ്ധതെറ്റിച്ച ശേഷമായിരുന്നു ബിഎറ്റി സംഘം അതിര്‍ത്തി ലംഘിച്ചത്. വളരെ നേരത്തെ തയാറാക്കിയ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പാക്ക് അധിനിവേശ കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് സംഭവമെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും ഭീകരരാണ് മൃതദേഹം വികൃതമാക്കിയതെന്നും പാക്ക് കരസേന വിശദീകരിക്കുന്നത് പതിവ് ഏര്‍പ്പാടാണ്. പാക്ക് സൈന്യം വെറും തെമ്മാടിക്കൂട്ടമായി മാറിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്ങിന്റെ പ്രതികരണം. ഏതായാലും ഇനി കണ്ടും കേട്ടും മിണ്ടാതിരിക്കരുതെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുകയാണ്. അതിനനുസരിച്ച തീരുമാനം ഇന്ത്യ സ്വീകരിക്കുകയാണ്. അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയത് അതിന്റെ ഭാഗമാണ്. സൈനിക തയാറെടുപ്പുകള്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് കശ്മീരിലുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തിന് എന്തു നടപടിക്കും അധികാരം നല്‍കി. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാവില്ല. ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ ഇന്ത്യന്‍ സൈന്യം പാക്ക് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. മിന്നലാക്രമണം അടക്കമുള്ള മറ്റു സാധ്യതകളും ആരായുന്നുണ്ട്. യുദ്ധകാലത്തുപോലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങേയറ്റം കിരാത നടപടിയാണ് പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെറ്റ്‌ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍സേന നടത്തിയ തിരിച്ചടിയില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാന്റെ ഒളിയുദ്ധത്തിന് അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും പട്ടാളവും രണ്ടുതട്ടിലാണെന്നത് പ്രത്യേകം പറയേണ്ടതില്ല. പ്രധാനമന്ത്രിയുടെ ഭരണപരമായ ഉത്തരവുകള്‍ പോലും പട്ടാളമേധാവിത്വം തള്ളിക്കളഞ്ഞത് കഴിഞ്ഞദിവസമാണ്. പട്ടാളം വീണ്ടും ഭരണ നേതൃത്വം പിടിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തിന്റെ മേധാവിയായിരുന്ന ഖമര്‍ ജാവേദ് ബജ്‌വ പട്ടാളമേധാവിയായതിനു ശേഷമാണ് പാക്ക് ഭീകരരും പട്ടാളവും ചേര്‍ന്ന് നമ്മുടെ സൈന്യത്തിനെതിരെ തിരിഞ്ഞത്. പാക്കിസ്ഥാന് 1.25 ലക്ഷം സൈനികരാണ് അതിര്‍ത്തിയില്‍ ഉള്ളതെങ്കില്‍ ഇന്ത്യക്കത് 2.5 ലക്ഷമാണ്. ഇനി ചൊറിയാന്‍ ഒരുങ്ങിയാല്‍ പട്ടാളത്തിന്റെ തലതന്നെ തെറിക്കുമെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്തുകതന്നെ വേണം. ഒരു പട്ടാളക്കാരനെ പാക്കിസ്ഥാന്‍ വധിച്ചാല്‍ 50 പാക്ക് പട്ടാളക്കാരന്റെ ശിരഛേദം നടത്തണമെന്ന വികാരമാണ് വീരമൃത്യുവരിച്ച ജവാന്റെ മകളുടേത്. ജനങ്ങളാകെയും ആ വിധമാണ് ചിന്തിക്കുന്നത്. ക്ഷമയ്ക്കും ഒരതിരുണ്ട്. ഇന്ത്യയുടെ ക്ഷമ ദൗര്‍ബല്യമായി ലോകവും കാണരുത്. മുഷ്‌ക്ക് അടക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധങ്ങളെല്ലാം വിഛേദിക്കാം. നയതന്ത്ര പ്രതിനിധികളെ തിരിച്ചയക്കാം. നമ്മുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാം. സൈനികരുടെ ചോര പാഴാകാതിരിക്കാനുള്ള കടുത്ത നടപടിക്ക് അമാന്തിച്ചുകൂടാ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.