കണ്ണൂരില്‍ സേവാ കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം

Wednesday 3 May 2017 9:06 pm IST

കണ്ണൂര്‍: കണ്ണൂര്‍ പെരുന്താറ്റിലില്‍ കേശവസ്മൃതി സേവാലയം അടിച്ചുതകര്‍ത്ത സിപിഎം നടപടിയില്‍ പ്രതിഷേധം. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുളള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നടപടി പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായി. സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കിടയില്‍ പോലും സംഭവത്തില്‍ അഭിപ്രായഭിന്നത രൂപം കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത സേവാ കേന്ദ്രം മണിക്കൂറുകള്‍ക്കുളളില്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മുഖംമൂടിധരിച്ച് ആയുധങ്ങളുമായെത്തിയ അക്രമികള്‍ സേവാലയത്തിന്റെ ജനലുകളും വാതിലുകളും തകര്‍ത്ത ശേഷം കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും നശിപ്പിക്കുകയായിരുന്നു. ചുമരിലാകെ ചുവന്ന പെയിന്റടിച്ച് വൃത്തിഹീനമാക്കി. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ സേവാലയത്തിന്റെ ഉദ്ഘാടനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാറാണ് നിര്‍വ്വഹിച്ചത്. വര്‍ഷങ്ങളായി പെരുന്താറ്റിലെ ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളും വിയര്‍പ്പൊഴുക്കിയാണ് സേവാകേന്ദ്രം പടുത്തുയര്‍ത്തിയത്. ഗൃഹപ്രവേശം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സേവാ കേന്ദ്രം തകര്‍ത്തതോടെ പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലൂടെ ശേഖരിച്ച ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് സേവാലയത്തിന്റെ പണി ആരംഭിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി സിപിഎമ്മുകാര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണഘട്ടത്തില്‍ തന്നെ പത്തിലധികം തവണ കെട്ടിടത്തിനു നേരെ അക്രമണമുണ്ടായി. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് സംഘപ്രവര്‍ത്തകരുടെ ദൃഢനിശ്ചയത്തില്‍ കെട്ടിടം പടുത്തുയര്‍ത്തുകയായിരുന്നു. പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സേവാലയ ഉദ്ഘാടനം മഹാ സംഭവമായി മാറിയതിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇത്രയും വലിയൊരു കെട്ടിട സമുച്ഛയം ഉയര്‍ത്താന്‍ സാധിച്ചതിലും സിപിഎമ്മുകാര്‍ക്കിടയിലുളള അസഹിഷ്ണുതയുമാണ് ഭരണത്തിന്റെ തണലില്‍ സേവാകേന്ദ്രം ആക്രമിക്കാന്‍ സിപിഎം സംഘത്തെ പ്രേരിപ്പിച്ചത്. അക്രമണത്തിന് സിപിഎം നേതൃത്വത്തിന്റെ എല്ലാ അനുഗ്രഹാശിസ്സുകളും ഉണ്ടായിരുന്നുവെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ ഇത്തരം ആസൂത്രിതമായ അക്രമം നടക്കില്ലെന്നുറപ്പാണ്. കേശവസ്മൃതി സേവാലയം അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തലശ്ശേരിയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും പങ്കെടുത്തു. അക്രമസംഭവവുമായി ബന്ധപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.