കൊച്ചി മെട്രോ: സുരക്ഷാ പരിശോധന തുടങ്ങി

Wednesday 3 May 2017 9:55 pm IST

കളമശേരി: കൊച്ചി മെട്രോ ട്രെയിനിന്റെയും പാതകളുടെയും അവസാന ഘട്ട സുരക്ഷാപരിശോധന ആരംഭിച്ചു. ഇന്നലെ രാവിലെ 9.15 ന് ആലുവ മെട്രോ സ്റ്റേഷനില്‍ വിഘ്‌നേശ്വര പൂജ നടത്തിയ ശേഷമായിരുന്നു പരിശോധന. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ (സിഎംആര്‍എസ്) കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മെട്രോ ട്രാക്കില്‍ പ്രത്യേകം തയ്യാറാക്കിയ മൂന്ന് തുറന്ന ബോഗികളിലായി ഉദ്യോഗസ്ഥര്‍ കയറി യാത്ര ചെയ്താണ് പരിശോധന. ആദ്യ ദിനത്തില്‍ ആലുവ- മുട്ടം, രണ്ടാം ദിനത്തില്‍ മുട്ടം- ഇടപ്പള്ളി, മൂന്നാം ദിനത്തില്‍ ഇടപ്പള്ളി- പാലാരിവട്ടം എന്നിങ്ങനെയാണ് പരിശോധന തീരുമാനിച്ചിരിക്കുന്നത്. മുട്ടം യാര്‍ഡിന്റെ പ്രവര്‍ത്തന മികവും സംഘം വിലയിരുത്തും. പൂര്‍ണ്ണ സജ്ജമാണോയെന്ന് വിലയിരുത്താനായി ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്ററും പരിശോധിക്കും. ബാംഗ്ലൂര്‍ കേന്ദ്രമായുള്ള സിഎംആര്‍എസ് നല്‍കുന്ന ഫിറ്റ് ഫോര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മെയ് അവസാനത്തോടെ ഉദ്ഘാടനം നടത്താനാവും. സിഎംആര്‍എസ് അനുവാദം നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം മെട്രോ യാത്ര ആരംഭിക്കാനാകും. മെട്രോ യാര്‍ഡിലേയും സറ്റേഷനുകളിലേയും സജ്ജീകരണങ്ങളും സൗകര്യങ്ങളും അവസാന മിനുക്കുപണിയിലെത്തി.  ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളുണ്ട്. ഇതില്‍ ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. എന്നാല്‍, സുരക്ഷാ പരിശോധനയെ ഇത് ബാധിച്ചിട്ടില്ല. പരിശോധന മെയ് അഞ്ചുവരെ തുടരും. മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തിയതി ലഭ്യമാണോ എന്നറിയാനായി ദല്‍ഹിയിലേക്ക് കത്ത് അയച്ചതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. പാലാരിവട്ടം- മഹാരാജാസ് കോളേജ് മെട്രോ പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സെപ്റ്റംബറോടുകൂടി ഈ പാതയിലും യാത്ര നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മൂന്നാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികളായിട്ടുണ്ട്. മെയ് പകുതിയോടെ ഡിഎംആര്‍സി ടെന്‍ഡര്‍ ഉറപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.