ജില്ലയില്‍ മെഡിക്കല്‍ ബന്ദ് പൂര്‍ണ്ണം; ദുരിതത്തിലായി രോഗികള്‍

Wednesday 3 May 2017 10:04 pm IST

കോഴിക്കോട്: ഡോക്ടറെ അക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തിയ മെഡിക്കല്‍ ബന്ദ് ജില്ലയിലെ ആശുപത്രികളിലെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു. സ്വകാര്യമേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂടി സമരത്തിന്റെ ഭാഗമായതോടെ രോഗികള്‍ നന്നേ ബുദ്ധിമുട്ടി. ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന, കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ തന്നെ രോഗികളുടെ നീണ്ടനിര കാണാമായിരുന്നു. എന്നാല്‍ പനിയടക്കമുള്ള രോഗങ്ങളുമായെത്തിയവരെ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന് പറഞ്ഞ് മടക്കി അയക്കുന്നത് കാണാമായിരുന്നു. മുന്‍കൂട്ടി ശസ്ത്രക്രിയ നിശ്ചയിച്ച ചില രോഗികളെയും ആശുപത്രികളില്‍ നിന്ന് മടക്കി അയച്ചതായും പരാതിയുണ്ട്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകളായിരുന്നിട്ട് കൂടി അടിയന്തിര സാഹചര്യമല്ലെന്നതിനാലാണ് മടക്കി അയച്ചതിന് കാരണമായി പറയുന്നത്. എച്ച്‌വണ്‍ എന്‍വണ്‍, ഡെങ്കിപ്പനി, പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി എത്തിയ രോഗികളാണ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ മടങ്ങിപ്പോയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തികനില തങ്ങള്‍ക്കില്ലാത്തിനാലാണ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയിലെത്താര്‍ കാരണമെന്ന് രോഗികള്‍ പറഞ്ഞു. ബീച്ച് ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റി വിഭാഗത്തില്‍ നാലു ഡോക്ടര്‍മാരാണ് ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ഇവിടെ രോഗികളുടെ ആരോഗ്യനില നോക്കിയാണ് ഒപി ടിക്കറ്റ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനവും നിലച്ചു. ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്ടീസ് കൂടി നിര്‍ത്തിവെച്ചതോടെ ജില്ലയിലെ ആരോഗ്യ മേഖല സ്തംഭനാവസ്ഥയിലായി. ജില്ലയിലെ അയ്യായിരത്തോളം ഡോക്ട ര്‍മാരാണ് ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തത്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലെ ഒപി ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമായി ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗം, അത്യാവശ്യമായി നടക്കേണ്ട ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം 23ന് വടകര ആശാ ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സാപിഴവ് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മെഡിക്കല്‍ ബന്ദ്. ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ, ക്യുപിഎംഎ, എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പണിമുടക്കിയ ഡോക്ട ര്‍മാര്‍ കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണനടത്തി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി. പ്രദീപ്കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ ഡോ. അജിത് ഭാസ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബാബുരാജ്, ഡോ. സി.എം. അബൂബക്കര്‍, ഡോ. എസ്. ശശിധരന്‍, ഡോ. സുരേഷ്, ഡോ. കെ.വി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.