എംഡി ഇടപെട്ടു; സമരം പിന്‍വലിച്ചു

Wednesday 3 May 2017 10:40 pm IST

തിരുവനന്തപുരം: എംഡി രാജമാണിക്യത്തിന്റെ ഫലപ്രദമായ ഇടപെടലില്‍ കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗത്തിന്റെ സമരം പിന്‍വലിച്ചു. അശാസ്ത്രീയമായി സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയെന്ന് ആരോപിച്ചാണ് ഇവര്‍ സമരം ആരംഭിച്ചത്. ആദ്യം ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. നേതാക്കളുടെ തീരുമാനം തള്ളി ഭൂരിപക്ഷം തൊഴിലാളികളും സംയുക്തസമരസമിതി രൂപീകരിച്ച് സമരം തുടര്‍ന്നു. സിംഗിള്‍ഡ്യൂട്ടി നടപ്പാക്കുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. വിശ്രമിക്കാനും വീട്ടില്‍ പോയിവരാനും സമയം കിട്ടില്ല, രാത്രികാല ഡ്യൂട്ടി ചെയ്യുന്നവര്‍ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ഡ്യൂട്ടിക്ക് ഹാജരാകേണ്ടിവരുന്നു തുടങ്ങി നിരവധി പരാതികളാണ് സമരക്കാര്‍ ഉന്നയിച്ചത്. എംഡി രാജമാണിക്യം നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. രാത്രികാല ഡ്യൂട്ടി ചെയ്യുന്നവര്‍ക്കടക്കം ഒരുവര്‍ഷത്തിനുള്ളില്‍ വൃത്തിയും വെടിപ്പും അടിസ്ഥാനസൗകര്യങ്ങളുമുള്ള വിശ്രമസ്ഥലം നിര്‍മിക്കാമെന്ന് എംഡി ഉറപ്പുനല്‍കി. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്തും. വരുന്ന ഒരുവര്‍ഷത്തേക്ക് മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടത്തില്ല. ജീവനക്കാര്‍ക്ക് ആഴ്ചതോറും ഷിഫ്റ്റ് മാറ്റി നല്‍കും. മൂന്ന് സിംഗിള്‍ ഡ്യൂട്ടിക്കു പുറമെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ നീളുന്ന ഒന്നര ഡ്യൂട്ടി ഷിഫ്റ്റ് ഏര്‍പ്പെടുത്തും. അടുത്തടുത്ത് രണ്ട് ഒന്നര ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് അടുത്തദിവസം ഓഫ് നല്‍കും. രാത്രിഡ്യൂട്ടിക്കു ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ഡ്യൂട്ടി നല്‍കില്ല എന്നിങ്ങനെയാണ് ചര്‍ച്ചയില്‍ തീരുമാനമായത്. സമരത്തില്‍ ഉറച്ചുനിന്നാല്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്ന രാജമാണിക്യത്തിന്റെ കര്‍ക്കശ നിലപാടാണ് സമരം അവസാനിക്കാനുള്ള മറ്റൊരു കാരണം. ഇന്നലെ സമരംചെയ്ത 68 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പരിശോധിച്ച് പരിഹരിക്കാമെന്നും എംഡി ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതോടെ അംഗീകൃത ട്രേഡ് യൂണിയനുകളുടെ തൊഴിലാളിവിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി വെളിച്ചത്തായി. അംഗീകാരമില്ലാത്ത യൂണിയനുകള്‍ ഉള്‍പ്പെടെ സംയുക്തസമരസമിതി നേതാക്കള്‍ക്കാണ് തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമെന്ന് തെളിയിക്കുന്നതായി കെഎസ്ആര്‍ടിസിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.