മഴയെത്തിയിട്ടും പശ്ചിമകൊച്ചിയുടെ ദാഹം മാറുന്നില്ല

Thursday 4 May 2017 12:26 am IST

മട്ടാഞ്ചേരി: രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയിലും പശ്ചിമ കൊച്ചിയില്‍ വെള്ളമെത്തുന്നില്ല. കഴിഞ്ഞ ദിവസവും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മുണ്ടംവേലി മേഖലകളിലെ പൊതു ടാപ്പുകള്‍ക്ക് മുമ്പില്‍ കാത്തിരുന്ന സ്ത്രീകള്‍ വെള്ളം കിട്ടാതെ നിരാശയോടെ മടങ്ങുകയായിരുന്നു. പ്രദേശത്തെ വീടുകളിലുള്ള ജല അതോറിറ്റി കണക്ഷനുകളിലും കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. ചില വീടുകളില്‍ പമ്പിങ്ങ് സമയങ്ങളില്‍ മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ പൊതു ടാപ്പുകളില്‍ ജലലഭ്യത കുറയുന്നുണ്ട്. നിലവില്‍ ഭൂരിഭാഗം ജനങ്ങളും പൊതുവിതരണ സംവിധാനത്തെയാണ് ഏറെയും ആശ്രയിക്കുന്നത്. 1964ല്‍ സ്ഥാപിച്ച പഴയ ജലവിതരണ പൈപ്പുകള്‍ വഴിയാണ് മിക്ക മേഖലകളിലും വിതരണം നടത്തുന്നത്. കഴിഞ് മൂന്ന് പതിറ്റാണ്ടിനിടെ ആറ് ജലവിതരണ പദ്ധതികളാണ് പശ്ചിമകൊച്ചിയില്‍ നടപ്പിലാക്കിയത്. എന്നാല്‍ പദ്ധതികളില്‍ പലതും വിവിധ ഘട്ടങ്ങളിലായി സ്തംഭിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തുടങ്ങിയ ജനറം പദ്ധതിയ്ക്കായി തോപ്പുംപടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പൈപ്പിടീലും മാസങ്ങള്‍ പിന്നിട്ടിടും ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രതിദിനം ആവശ്യമുള്ള ശുദ്ധജലത്തിന്റെ പകുതി പോലും വിതരണം ചെയ്യാനാകുന്നില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരും സമ്മതിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.