മാണിയെ ദേവദാസികളോട് ഉപമിച്ച് വീക്ഷണം

Thursday 4 May 2017 10:53 am IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗവും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും രംഗത്ത്. മുഖപ്രസംഗത്തിലൂടെയാണ് മാണിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്. മാണിയെ രൂക്ഷ പരിഹാസത്തിന് വിധേയമാക്കിയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേവദാസികളെപ്പോലെ ആരുടെ മുന്നിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണ്. കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്നും അവരസരവാദപരമായ നിലാപാടായി മാത്രമേ ഇതിനെ കാണാനാകൂവെന്നും ജനയുഗം തുറന്നടിച്ചു. അതേസമയം രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടിയാണ് മാണിയുടേതെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം കുറ്റപ്പെടുത്തുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തതോടെയാണ് സിപിഎമ്മിനെതിരെ സിപിഐയും കെ എം മാണിക്കെതിരെ കോണ്‍ഗ്രസും പാര്‍ട്ടി മുഖപത്രങ്ങളിലൂടെ ആഞ്ഞടിച്ചത്. രൂക്ഷവിമര്‍ശനങ്ങളാണ് ജനയുഗം സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കോട്ടയത്തെ നടപടി മുന്നണിയെ അധികാരത്തിലെത്തിച്ച സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത രാഷ്ട്രീയ അധാര്‍മ്മികതയാണ്. അഴിമതി ഭരണത്തിന്റെ പ്രതീകവും മുഖമുദ്രയുമായ മാണിയെ പിന്തുണച്ച നടപടി കേരള ജനത സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചുകാണില്ല. കേരളകോണ്‍ഗ്രസ്  പാര്‍ട്ടിയെ ഇടത് പക്ഷത്തേക്ക് നയിക്കണമെന്ന് മനപ്പായസമുണ്ണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും ജനയുഗം തുറന്നടിക്കുന്നു. അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയാണ് മാണിക്കുള്ളത്. യുഡിഎഫിലാണെങ്കില്‍ മാന്യതയോടെ പൂമുഖത്തുകൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കളവാതിലിന്റെ സാക്ഷനീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏതുവേണമെന്ന് നിശ്ചയിക്കേണ്ടത് അദ്ദേഹമാണെന്നും പറഞ്ഞാണ് വീക്ഷണം എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്. യുഡിഎഫിന്റെ അഴിമതി സര്‍ക്കാരിന്റെ മുഖവും മുഖമുദ്രയുമായിരുന്നു കേരള കോണ്‍ഗ്രസും കെ.എം. മാണിയുമെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. യുഡിഎഫ് ഭരണത്തില്‍ എല്‍ഡിഎഫ് ഏറ്റവും അധികം എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നേതാവാണ് കെ.എം. മാണി. ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയിലുണ്ടായ പ്രതിഷേധം ജനങ്ങള്‍ മറന്നിട്ടില്ല. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷി തയാറാകുന്നത് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ജനയുഗം വ്യക്തമാക്കി. ഓരോ വാക്കിലും രൂക്ഷമായ വിമര്‍ശനം വച്ചുകൊണ്ടാണ് ജനയുഗത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.