വഴിയാത്രക്കാരനെ മര്‍ദ്ദിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ മൂന്ന്‌ പേര്‍ അറസ്റ്റില്‍

Monday 11 July 2011 11:31 pm IST

ഈരാറ്റുപേട്ട: വഴിയാത്രക്കാരനെ സംഘം ചേര്‍ന്ന്‌ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചശേഷം പണം തട്ടിയ കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറ കോളനിതൈക്കാവില്‍ നസീര്‍ എന്ന മുന്ന (40), തെക്കേക്കര പുതുകുളങ്ങര കുട്ടന്‍ എന്ന നാരായണന്‍ (51), പെരുനിലം കൊച്ചുപുരയ്ക്കല്‍ ബേബി (47) എന്നിവരാണ്‌ അറസ്റ്റിലായത്‌. സംഭവത്തില്‍ പ്രതിയായ തൈക്കാവില്‍ സബീര്‍ (30)ഒളിവിലാണ്‌. വെള്ളിയാഴ്ച രാവിലെ ഓട്ടോയിലെത്തിയ സംഘം വടക്കേക്കര ഭാഗത്ത്‌ വച്ച്‌ ചിറ്റാറ്റിന്‍ കരതോട്ടുങ്കല്‍ ജോസിനെ മര്‍ദ്ദിച്ച്‌ കൈവശം ഉണ്ടായിരുന്ന 6120 രൂപയും വാച്ചും തട്ടിയെടുത്ത കേസിലാണ്‌ അറസ്റ്റ്‌. മര്‍ദ്ദനമേറ്റ ജോസ്‌ ഗുരുതരമായി പരിക്കേറ്റ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സി. രാജ്‌ മോഹന്‍ എസ്‌.ഐ.മാരായ രാധാകൃഷ്ണന്‍, ജോര്‍ജ്കുട്ടി എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.